തെരുവുനായ ആക്രമണം: മൂന്നു പേർക്ക് പരിക്കേറ്റു
1584051
Friday, August 15, 2025 5:04 AM IST
കല്ലൂർക്കാട്: തെരുവുനായ ആക്രമണത്തിൽ കലൂരിൽ മൂന്നു പേർക്ക് പരിക്കേറ്റു. പി.എം. ഉല്ലാസ് പുതിയ പറമ്പിൽ, വിൽസൺ ജോൺ കാനത്തിൽ, ബേബി കൂനംപ്ലായ്ക്കൽ എന്നിവർക്കാണ് കടിയേറ്റത്. ഇവർ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു സംഭവം.
പയ്യാവ് ഭാഗത്തുനിന്ന് ഓടിയെത്തിയ നായ കലൂർ ഐപ്പ് മെമ്മോറിയൽ സ്കൂളിനു സമീപമുള്ള ഹാർഡ്വെയർ കടയിലുണ്ടായിരുന്ന ഉല്ലാസിനെ ആക്രമിച്ചു. ഒപ്പമുണ്ടായിരുന്നവർ സ്ഥാപനത്തിലെ ഉപകരണങ്ങളെടുത്ത് നായയെ ഓടിക്കുകയായിരുന്നു.
പുരയിടത്തിലെ ജാതിത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ബേബിയെ തെരുവുനായ കടിച്ചത്. കലൂർ ബസ് സ്റ്റാൻഡിനു സമീപത്തുവച്ച് ഓട്ടോ ഡ്രൈവറായ വിൽസനേയും നായ ആക്രമിച്ചു.
കലൂരിൽ നിന്ന് ഓടിയ നായ കുമാരമംഗലം പഞ്ചായത്തിലെ ഒരു വീട്ടിൽ കയറി മൂന്നു നായക്കുട്ടികളെയും പശുവിനേയും ആക്രമിച്ചു. പ്രദേശവാസികൾ ചേർന്ന് നടത്തിയ തെരച്ചിലിൽ കലൂരിൽ നിന്ന് തന്നെ നായയെ പിടികൂടി.