റംബൂട്ടാൻ വിലയിടിവ്: സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കർഷക യൂണിയൻ
1584045
Friday, August 15, 2025 4:51 AM IST
കോതമംഗലം: റംബൂട്ടാൻ വിലയിടിവ് നിയന്ത്രിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണെമെന്ന് കേരള കർഷക യൂണിയൻ ജില്ലാ പ്രവർത്തകയോഗം ആവശ്യെപെട്ടു. റംബൂട്ടാൻ വില കുത്തനെ താഴ്ന്നതോടെ കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്. റബർ കൃഷി ലാഭകരമല്ലാതായതോടെ വലിയ തോതിൽ റംബൂട്ടാൻ കൃഷി ചെയ്ത കർഷകരാണ് വിലയിടിവിൽ പ്രതിസന്ധിയിലായത്.
ഉത്പാദനം വർധിച്ചതോടെ വില കുത്തനെ ഇടിഞ്ഞതാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്. 250 രൂപ വിലയുണ്ടായിരുന്ന റംബൂട്ടാൻ കിലോ 150ലേക്കാണ് കൂപ്പുകുത്തിയത്. വില കുത്തനെ താഴ്ന്നതോടെ കച്ചവടക്കാരും കർഷകരും വൻ പ്രതിസന്ധിയിലായി. റംബൂട്ടാൻ കയറ്റി അയക്കുന്നതും നിലച്ചു. റംബൂട്ടാൻ വിലയിടിവ് തടയാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും, താങ്ങുവില ഏർപ്പെടുത്തി കർഷകരിൽനിന്ന് സംഭരിക്കണമെന്നും കേരള കർഷക യൂണിയൻ എറണാകുളം ജില്ലാ പ്രവർത്തക യോഗം ആവശ്യപ്പെട്ടു.
നാളെ മൂവാറ്റുപുഴയിൽ നടക്കുന്ന കർഷക സംഗമവും കർഷകരെ ആദരിക്കലും വൻവിജയമാക്കാനും യോഗം തീരുമാനിച്ചു. പാർട്ടി ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് വിനോദ് തെക്കേക്കര അധ്യക്ഷത വഹിച്ചു. കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറിമാരായ സോജൻ പിട്ടാപ്പിള്ളിൽ, ആന്റണി ഓലിയപ്പുറം, ജോണി പുളിന്തടം, ടി.ഡി. സ്റ്റീഫൻ, വർഗീസ് താന, ജില്ലാ ജനറൽ സെക്രട്ടറി സജി തെക്കേക്കര, ജില്ലാ ഭാരവാഹികളായ ബിജു വെട്ടികുഴ, ജോസ് തുടുമ്മേൽ, ബിനോയ് മെതിപ്പാറ, ഏലിയാസ് പൈനാടത്ത്, സി.വി. കുര്യൻ,കെ. ഒ വിൽസൺ എന്നിവർ പ്രസംഗിച്ചു.