കണ്ടെയ്നർ ലോറി ബ്രേക്ക് ഡൗണായി; ഗോശ്രീ റോഡ് മൂന്നു മണിക്കൂർ നിശ്ചലം
1583777
Thursday, August 14, 2025 4:33 AM IST
വൈപ്പിൻ: ഗോശ്രീ സമാന്തര പാലം അടച്ചിട്ടതിനെ തുടർന്നുള്ള ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ദ്വീപു നിവാസികൾക്ക് കൂനിൻമേൽ കുരുവെന്നപോലെയായി, ഇന്നലെ ഒന്നാം പാലത്തിനടുത്ത് കണ്ടെയ്നർ ലോറി ബ്രേക്ക് ഡൗൺ ആയതിനെ തുടർന്ന് ഉണ്ടായ വൻഗതാഗതക്കുരുക്ക്.
രാവിലെ എട്ടോടെ ഗോശ്രീ ഒന്നാം പാലത്തിന്റെ അപ്രോച്ചിനു കിഴക്ക് ഭാഗത്താണ് കണ്ടെയ്നർ ലോറി ബ്രേക്ക്ഡൗൺ ആയത്.ഇതിനിടെ മറ്റൊരു വാഹനം കണ്ടെയ്നർ ലോറിയുടെ പിന്നിൽ ഇടിച്ചതും വിനയായി.
വാഹനങ്ങൾ റോഡിൽ തിങ്ങിനിറഞ്ഞതോടെ ഏതാണ്ട് മൂന്നു മണിക്കൂറോളം ഗോശ്രീ റോഡിലും എറണാകുളം ഭാഗത്തും ഗതാഗതം തടസപ്പെട്ടു. ഇതുമൂലം ദ്വീപുകളിൽ നിന്ന് രാവിലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജോലിക്ക് പോകാനെത്തിയവരും വിദ്യാർഥികളും മറ്റും ഇടയ്ക്കിറങ്ങി കാൽനടയായിട്ടാണ് ഹൈക്കോർട്ട് കവലയിൽ എത്തി മറ്റിടങ്ങളിലേക്ക് ബസ് കയറിയത്.
പിന്നീട് നഗരത്തിൽ നിന്നും കൂടുതൽ പോലീസ് എത്തിയാണ് ഗതാഗതം നിയന്ത്രിച്ചു വാഹനങ്ങളെ കടത്തിവിട്ടത്.