മുളക്കുളത്ത് മൂന്നുപേർക്ക് തെരുവു നായയുടെ കടിയേറ്റു
1583795
Thursday, August 14, 2025 4:43 AM IST
പിറവം: കോട്ടയം റോഡിൽ മുളക്കുളം കരിങ്കൽച്ചിറ ഭാഗത്ത് മൂന്നു പേർക്ക് തെരുവു നായയുടെ കടിയേറ്റു. പ്രദേശവാസികളായ ഇലവുന്താട്ടിൽ നാരായണൻ നായർ (70), പുത്തേത്ത് ബേബി ആൻഡ്രൂസ് (55), കൊമ്പനമാല സ്വദേശി ബേബി (54) എന്നിവർക്കാണ് കടിയേറ്റത്. ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. ബേബി ആൻഡ്രൂസ് രാവിലെ പാൽ വാങ്ങാനിറങ്ങിയപ്പോഴാണ് നായയുടെ ആക്രമണമുണ്ടായത്.
അധികം വൈകാതെ മുളക്കുളം പളളിപ്പടിയിൽ വെച്ചാണ് നാരായണൻ നായർക്ക് തെരുവ് നായയുടെ കടിയേറ്റത്. കൊമ്പനമാല ബേബി കരിങ്കൽച്ചിറ ഭാഗത്ത് ജോലിക്കെത്തിയതായിരുന്നു. ഇവിടെ ഒരു എരുമയ്ക്കും കടിയേറ്റിട്ടുണ്ട്. നാട്ടുകാർ സംഘടിച്ച് നായയെ തിരഞ്ഞിറങ്ങിയെങ്കിലും കണ്ടെത്താനായിട്ടില്ല.
ഉച്ച കഴിഞ്ഞ് കരിങ്കൽച്ചിറ ഭാഗത്ത് വീണ്ടും തെരുവ് നായയുടെ ആക്രമണമുണ്ടായി. ഇരുചക്ര വാഹനങ്ങളിൽ പോയവർക്ക് പിന്നാലെ നായ പഞ്ഞു ചെന്നു. കടിയേറ്റവർ പിറവം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തി. പ്രദേശത്തിപ്പോൾ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്.