കോതമംഗലം പോലീസ് സ്റ്റേഷനിലേക്ക് ബിജെപിയുടെ പ്രതിഷേധപ്രകടനം
1583637
Wednesday, August 13, 2025 8:33 AM IST
കോതമംഗലം: ടിടിഐ വിദ്യാർഥിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് ബിജെപി കോതമംഗലം പോലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തി. ബിജെപി ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി പോലീസ് സ്റ്റേഷനു മുന്നിൽ എത്തിയപ്പോൾ ബാരിക്കേഡ് വച്ച് തടഞ്ഞു.
തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി.സജീവ് അധ്യക്ഷത വഹിച്ചു. ദേശീയ കൗൺസിൽ അംഗം പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
ഇടത്, വലത് മുന്നണികളുടെ മൗനം സംശയാസ്പദം: പി.സി. ജോർജ്
കോതമംഗലം : കോതമംഗലത്ത് ടിടിഐ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇടതു, വലത് മുന്നണികളുടെ മൗനം സംശയാസ്പദമാണെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം പി.സി ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു.നിരവധി തവണ സിമി ക്യാമ്പുകൾ നടന്ന ആലുവയിലെ പാനായികുളത്താണ് പെൺകുട്ടിയെ പൂട്ടിയിട്ട് മതം മാറ്റത്തിന് ഭീഷണിപ്പെടുത്തിയതും പ്രേരിപ്പിച്ചതും മർദിച്ചതും എന്നുള്ളത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിർബന്ധിത മതപരിവർത്തനത്തിനായി വലിയ രീതിയിൽ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തു എന്ന് വ്യക്തമായ മൊഴി ഉണ്ടായ സാഹചര്യത്തിൽ ആ വിഷയത്തെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാതെ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും നേതാക്കൾ കാണിക്കുന്ന മൗനം കാലാകാലങ്ങളായി ഇവിടെയുള്ള ലൗ ജിഹാദിനെ കണ്ടില്ലെന്ന് നടിക്കുന്നതാണ്.
എന്തെങ്കിലും പ്രതികരിച്ചാൽ ഇവിടുത്തെ രാജ്യവിരുദ്ധ വർഗീയ ശക്തികൾ തങ്ങൾക്ക് എതിരാകുമെന്ന് ഭയന്നു കൊണ്ടാണ് ഈ വിഷയത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മൗനം പാലിക്കുന്നതെന്നും പി.സി.ജോർജ് പറഞ്ഞു. പത്രസമ്മേളനത്തിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണൻ, എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡൻഡ് പി.പിയ സജീവ് എന്നിവരും പങ്കെടുത്തു.