കെവിഎസ് യൂത്ത് പാർലമെന്റ് സംഘടിപ്പിച്ചു
1583789
Thursday, August 14, 2025 4:43 AM IST
കൊച്ചി: പാർലമെന്റ് പ്രവർത്തനങ്ങൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്ന യൂത്ത് പാർലമെന്റ് വളരെ അഭിനന്ദനീയമാണെന്നു മുൻ കേന്ദ്രമന്ത്രിയും കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയുമായ പ്രഫ. കെ.വി. തോമസ് പറഞ്ഞു. പാർലമെന്റ് സെക്രട്ടറിയേറ്റിന്റെ സഹായത്തോടുകൂടി കേന്ദ്രീയ വിദ്യാലയ സംഗതൻ (കെവിഎസ്) എറണാകുളം മേഖല വെല്ലിംഗ്ടൺ ഐലൻഡിലെ കേന്ദ്രീയ വിദ്യാലയത്തിൽ സംഘടിപ്പിച്ച യൂത്ത് പാർലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരോഗ്യകരമായ പാർലമെന്ററി പ്രവർത്തനങ്ങൾക്ക് യുവതലമുറയെ സജ്ജമാക്കുന്ന ശ്ലാഘനീയമായ മോഡൽ പാർലമെന്റാണ് ഈ മൽസരത്തിലൂടെ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട ആയിരത്തോളം വിദ്യാർഥികളാണ് പരിപാടിയിൽ പങ്കെടുത്തത്.
സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയവർ ഉൾക്കൊള്ളുന്ന പാർലമെന്റിന് സമാനമായ മോഡൽ പാർലമെന്റാണ് പരിചയപ്പെടുത്തുന്നത്. ഓരോ ടീമിനും ഒരു മണിക്കൂർ സമയം വീതമാണ് നൽകിയത്.
തിരുവനന്തപുരം സിആർപിഎഫ് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികളാണ് ഒന്നാം സ്ഥാനം നേടി. പ്രാദേശിക അടിസ്ഥാനത്തിൽ നടത്തുന്ന മത്സരത്തിൽ വിജയികളായവർ ദേശീയതല മത്സരത്തിൽ പങ്കെടുക്കും. കെവിഎസ് റീജണൽ ഡെപ്യൂട്ടി കമ്മീഷണർ സന്തോഷ് കുമാർ, അസി. കമ്മീഷണർ സോമഘോഷ്, വെല്ലിംഗ്ടൺ ഐലൻഡ് കേന്ദ്രീയ വിദ്യാലയം, പ്രിൻസിപ്പൽ ടി. വിജയൻ എന്നിവർ മത്സരങ്ങൾക്കു നേതൃത്വം നൽകി.