മനം കവരാന്‍ കടമക്കുടി
1583640
Wednesday, August 13, 2025 8:33 AM IST
കൊച്ചി: വ്യവസായി ആനന്ദ് മഹീന്ദ്രയുടെ മനം കവര്‍ന്ന കടമക്കുടി കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഇടംപിടിക്കാന്‍ അടിസ്ഥാന സൗകര്യങ്ങളടക്കം വിപുലപ്പെടുത്താന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി എറണാകുളം ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ (ഡിടിപിസി) മാസ്റ്റര്‍ പ്ലാന്‍ തയാറാക്കൽ ആരംഭിച്ചു.
അടുത്ത എട്ട് മാസം കടമക്കുടിയുടെ ടൂറിസം സാധ്യതകള്‍ വിശദമായി പഠിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ മുഖം മിനുക്കി സഞ്ചാരികളുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാകാനുള്ള തയാറെടുപ്പിലാണ് കടമക്കുടി. നിലവില്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്ന റീലുകളിലൂടെ കൊച്ചിയുടെ മുഖമായി മാറിയ കടമക്കുടി ഒന്നുകൂടി മിനുങ്ങാനുള്ള ഒരുക്കത്തിലാണ്. ജില്ലയിലെ കാമ്പസുകളിലെ വിദ്യാര്‍ഥികളുടെ ഉള്‍പ്പെടെ സേവനം പ്രയോജനപ്പെടുത്തിയാകും മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുക.
ശുചിമുറി മുതല്‍ ഹോം സ്റ്റേ വരെ
പെരിയാറിന്റെയും വേമ്പനാട്ടു കായലിന്റെയും ഇടയില്‍ ചിന്നിച്ചിതറി കിടക്കുന്ന 13 ദ്വീപ് സമൂഹങ്ങൾ ചേരുന്ന കടമക്കുടി പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറാന്‍ അടിസ്ഥാന സൗകര്യങ്ങളടക്കം ഒരുക്കേണ്ടതുണ്ടെന്ന് മനസിലാക്കിയാണ് ഡിടിപിസി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നത്.
ഇതില്‍ ശുചിമുറി മുതല്‍ ഹോം സ്റ്റേ വരെ ഉള്‍പ്പെടും. സഞ്ചാരികളെത്തുന്ന പ്രധാന ഇടങ്ങളില്‍ ശുചിമുറികളും വിശ്രമ കേന്ദ്രങ്ങളും വിനോദ ഉപാധികളും ഒരുക്കും. തദ്ദേശീയരായിട്ടുള്ളവരെയും വിദേശികളെയും ലക്ഷ്യമിട്ട് ഹോം സ്റ്റേ ഒരുക്കുന്ന കാര്യങ്ങളും മാസ്റ്റര്‍ പ്ലാനില്‍ ഇടം പിടിക്കും. പ്രദേശത്തുള്ളവര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും പരിശീലനവും നല്കി നിലവിലെ സൗകര്യങ്ങള്‍ ഇതിനായി ഉപയോഗിക്കാനാണ് ലക്ഷ്യം.
സിംഗിൾ വിന്‍ഡോ
നിലവില്‍ കടമക്കുടിയിലേക്ക് എത്തിപ്പെടാന്‍ വിവിധയിടങ്ങളില്‍ നിന്ന് വഴിയുണ്ട്. എന്നാല്‍ ഇവ ഒരു കേന്ദ്രത്തിലേക്ക് ഒതുക്കാനാണ് ഡിടിപിസി ലക്ഷ്യമിടുന്നത്. ഇതിനായി മാപ്പിംഗ് നടത്തും.
വാഹനങ്ങളിലടക്കം എത്തുന്നവര്‍ നിശ്ചിത പോയിന്റിലെത്തി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത ശേഷം ലോക്കല്‍ ഗതാഗത സൗകര്യം ഉപയോഗിക്കുന്ന തരത്തിലേക്ക് മാറ്റും. ഇതിലൂടെ പ്രദേശത്തുള്ളവര്‍ക്ക് തൊഴില്‍ സൃഷ്ടിക്കാനുമാണ് നീക്കം. പ്രദേശവാസികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മഖവിലയ്ക്കെടുത്താകും ഇത് മാസ്റ്റര്‍ പ്ലാനല്‍ ഉള്‍ക്കൊള്ളിക്കുക.
എക്കല്‍ വില്ലനാകും
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പെരിയാറിന്റെ ആഴം ഇല്ലാതാക്കി അടിഞ്ഞുകൂടിയിട്ടുള്ള എക്കല്‍ ചെളി നീക്കം ചെയ്യാതെ ടൂറിസം വികസനവുമായി മുന്നോട്ടു പോകാനാകില്ല.
വലിയ ബോട്ടുകളെയടക്കം പ്രതീക്ഷിക്കുന്ന മേഖലയില്‍ കഴിഞ്ഞ വേലിയേറ്റക്കാലത്ത് ചങ്ങാടം സര്‍വീസുകള്‍ മുടങ്ങിയിരുന്നു. കഴിഞ്ഞ പ്രളയത്തില്‍ പെരിയാറിന്റെ അടിത്തട്ടില്‍ അടിഞ്ഞുകൂടിയ എക്കല്‍ ജലഗതാഗത്തിനു ഭീഷണിയാണെന്ന് കടമക്കുടി നിവാസികള്‍ പറയുന്നു. നിലവില്‍ ഇതുസംബന്ധിച്ച തീരുമാനം ഡിടിപിസിക്ക് മുന്നില്‍ ഇല്ലെന്നാണ് വിവരം. കൂടിയാലോചനകള്‍ക്ക് ശേഷം വിഷയം ഗൗരവമായി പരിഗണിച്ചേക്കും.
പൊക്കാളിപ്പാടങ്ങള്‍ ഗണ്യമായി കുറഞ്ഞു വരുന്നതിലും പഠനം നടത്തി ഇവ പരിപോഷിപ്പിക്കുതിനാവശ്യമായ നീക്കങ്ങളും ഉള്‍ക്കൊള്ളിച്ചാകും മാസ്റ്റര്‍ പ്ലാനിന്റെ അന്തിമ രൂപം.