കൂലിത്തര്‍ക്കം : കൊച്ചി ഫിഷറീസ് ഹാര്‍ബര്‍ സ്തംഭിച്ചു, കോടികൾ നഷ്ടം
1583776
Thursday, August 14, 2025 4:33 AM IST
മട്ടാഞ്ചേരി: കൊച്ചി ഫിഷറീസ് ഹാര്‍ബറിലെ മീന്‍ ഇറക്കു വിഭാഗം തൊഴിലാളികളുടെ കൂലിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയിൽ ഹാര്‍ബര്‍ സ്തംഭനാവസ്ഥയിലേക്ക്. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു ബോട്ടുടമകള്‍ക്ക് മര്‍ദനമേറ്റതിനു പുറമെ ഇന്നലെ രാവിലെയും ഒരു ബോട്ടുടമയ്ക്ക് മര്‍ദനമേറ്റു.
ഗില്‍നെറ്റ് വിഭാഗം ബോട്ടുടമയും ബയിംഗ് ഏജന്റ്സ് അസോസിയേഷന് വൈസ് പ്രസിഡന്റുമായ സി.ബി റഷീദിനാണ് മര്‍ദനമേറ്റത്. ഇതോടെ എല്ലാ വിഭാഗം ബോട്ടുടമകളും പ്രതിഷേധവുമായി രംഗത്തു വരികയായിരുന്നു.
ഇന്ന് ഹാര്‍ബര്‍ വ്യവസായ സമിതിയുടെ നേതൃത്വത്തില്‍ ഹാര്‍ബര്‍ ബഹിഷ്കരിച്ച് പ്രതിഷേധിക്കും.ബോട്ടുടമകളും കച്ചവടക്കാരും ബഹിഷ്കരണത്തില്‍ പങ്കാളികളാകും. ഇന്നലെ പേഴ്സിന് ബോട്ടുകള്‍ ഒന്നും തന്നെ കടലില്‍ പോയില്ല.47 ബോട്ടുകളാണ് ഹാര്‍ബറില്‍നിന്നു കടലില്‍ പോകുന്നത്.നല്ല രീതിയില്‍ മത്സ്യം ലഭിക്കുന്ന വേളയില്‍ ബോട്ടുകള്‍ കടലില്‍ പോകാത്തതു മൂലം ഒരു ദിവസം മാത്രം രണ്ടു കോടിയുടെ നഷ്ടമാണുണ്ടാകുന്നതെന്ന് ബോട്ടുടമകള്‍ പറയുന്നു.
പ്രശ്നത്തിന് പരിഹാരമായില്ലെങ്കില്‍ വരും ദിവസങ്ങളിലും ബോട്ടുകള്‍ കടലില്‍ ഇറങ്ങില്ല. ഇത് ഹാര്‍ബര്‍ സ്തംഭിക്കാൻ ഇടയാക്കും. ബോട്ടുടമകളോട് അനുഭാവം പ്രകടിപ്പിച്ച് കടലില്‍ പോകേണ്ടെന്ന് പേഴ്സിന് മത്സ്യത്തൊഴിലാളി യൂണിയനും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ കൊച്ചി ഹാർബർ സ്തംഭനത്തിലേക്ക് നീങ്ങുകയാണ്.