ആരോഗ്യലക്ഷ്മി പദ്ധതിക്ക് ആരക്കുഴയിൽ തുടക്കമായി
1584048
Friday, August 15, 2025 5:04 AM IST
മൂവാറ്റുപുഴ : ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹായത്തോടെ നടപ്പാക്കുന്ന സ്ത്രീകളുടെ സമഗ്ര ആരോഗ്യത്തിനായുള്ള ആരോഗ്യ ലക്ഷ്മി പദ്ധതിക്ക് ആരക്കുഴ ഗവ. ആയുര്‍വേദ ഡിസ്പെന്സറിയില് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഉല്ലാസ് തോമസ് നിര്‍വഹിച്ചു. 1.6 കോടിയുടെ ആയുര്‍വേദ മരുന്നുകളാണ് ഈ പദ്ധതിയിലൂടെ ജില്ലയില്‍ വിതരണം ചെയ്യുന്നത്.
സ്ത്രീകള്‍ക്കുണ്ടാകുന്ന ആര്‍ത്തവ പ്രശ്നങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ആര്‍ത്തവ വിരാമത്തോടനുബന്ധിച്ചുള്ള ആരോഗ്യപ്രശ്നങ്ങള്‍, കൗമാരക്കാരില്‍ ഉണ്ടാകുന്ന ആര്‍ത്തവ ചക്രത്തിലെ ക്രമക്കേടുകള്‍, അമിത രക്തസ്രാവം, വെള്ളപോക്ക് മുതലായ ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരത്തിനായി ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആയുര്‍വേദ സ്ഥാപനങ്ങള്‍ വഴി ആരോഗ്യലക്ഷ്മി പദ്ധതി നടപ്പാക്കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിട്ടിട്ടുള്ളത്.
ആരക്കുഴ ഗവ. ആയുര്‍വേദ ഡിസ്പെന്സറിയില് നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. ലസിത അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയറാണി പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു തോട്ടുപുറം, പഞ്ചായത്തംഗങ്ങളായ ജാന്‍സി മാത്യു, സിബി കുര്യക്കോസ്, സാബു പൊതുര്‍, ജിജു ഓണാട്ട്, വിഷ്ണു ബാബു എന്നിവര്‍ പ്രസംഗിച്ചു.