റേഷൻ കട സസ്പെൻഡ് ചെയ്യാൻ മദ്യപിച്ചെത്തിയ സപ്ലൈ ഓഫീസർ കുടുങ്ങി
1583632
Wednesday, August 13, 2025 8:20 AM IST
കോതമംഗലം: റേഷൻ കട സസ്പെൻഡ് ചെയ്യാന്‍ മദ്യപിച്ചെത്തിയ താലൂക്ക് സപ്ലൈ ഓഫീസർ കുടുങ്ങി. കോതമംഗലം താലൂക്ക് സപ്ലൈ ഓഫീസര്‍ ഷിജു തങ്കച്ചനാണ് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയത്. പ്രവര്‍ത്തന സമയം ലംഘിക്കുന്നതായി കാണിച്ച് ഇരമല്ലൂരിലെ റേഷന്‍കട സസ്പെൻഡ് ചെയ്യാന്‍ എത്തിയപ്പോഴാണ് ഓഫീസർ കുടുങ്ങിയത്.
റേഷന്കടയ്ക്കെതിരേ പരാതിയില്ലെന്നും നടപടി പാടില്ലെന്നും ആവശ്യപ്പെട്ട് രംഗത്തിറങ്ങിയ നാട്ടുകാരോടുള്ള സപ്ലൈ ഓഫീസറുടെ പെരുമാറ്റമാണ് മദ്യപിച്ചിട്ടുണ്ടോയെന്ന സംശയമുയര്‍ത്തിയത്. ഇതോടെ നാട്ടുകാര്‍ പോലീസിനെ വിളിച്ചുവരുത്തി.ശാരീരിക അസാസ്ഥ്യം പ്രകടിപ്പിച്ച ഓഫീസറെ വൈദ്യപരിശോധനയ്ക്കായി സ്വകാര്യ ആശുപത്രിയിലാണ് ആദ്യമെത്തിച്ചത്. പരിശോധനയ്ക്ക് വിധേയമാകാതിരിക്കാനുള്ള ശ്രമവും അദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി. പിന്നീട് പോലീസ് അദേഹത്തെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് മദ്യപിച്ചതായി തെളിഞ്ഞത്.
ഷിജു പി. തങ്കച്ചനെതിരേ വകുപ്പ് തല നടപടിക്ക് ശിപാർശ ഉണ്ട്. ഇയാൾക്കെതിരേ റേഷന്‍ വ്യാപാരികള്‍ക്ക് മുമ്പും പരാതികളുണ്ടായിരുന്നു. പ്രതികാര മനോഭാവത്തോടെയുള്ള നടപടിയാണ് താലൂക്ക് ഓഫീസറുടെ ഭാഗത്തുന്നുണ്ടായതെന്ന് ഇരമല്ലൂരിലെ റേഷൻ കട നടത്തിപ്പുകാര്‍ പറഞ്ഞു. പത്ത് മിനിട്ട് വൈകിയെന്ന കാരണം പറഞ്ഞാണ് നടപടിക്ക് ശ്രമിച്ചത്.
പിന്നീട് റേഷന്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ റേഷന്‍കട സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു. കട സീല്‍ ചെയ്യുകയും ചെയ്തു. ഇതിനെതിരേ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് രംഗത്തുവന്നു.
നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. പിന്നീട് മന്ത്രിയുടെ ഓഫീസ് ഇടപെട്ട് വൈകുന്നേരത്തോടെ നടപടി പിന്‍വലിക്കുകയും റേഷന്‍കട തുറന്നുകൊടുക്കുകയും ചെയ്തു. സപ്ലൈ ഓഫീസറുടെ നടപടിയില്‍ പ്രതിഷേധിച്ച് റേഷന്‍ വ്യാപാരികള്‍ ഇന്ന് സപ്ലൈ ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തും.