സഹികെട്ട് ജനമിളകി; അവധി മതിയാക്കി ഡോക്ടർമാർ ഹാജർ
1584039
Friday, August 15, 2025 4:51 AM IST
വൈപ്പിൻ: ആവശ്യത്തിനു ഡോക്ടർമാരും ജീവനക്കാരും ഇല്ലാത്ത ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മാലിപ്പുറം ആശുപത്രിയുടെ കുത്തഴിഞ്ഞ നടത്തിപ്പിനെതിരെ ജനങ്ങൾ സംഘടിച്ച് ഇന്ന് മുതൽ സമരം തുടങ്ങാനിരിക്കെ, അവധിയിലായിരുന്ന മൂന്ന് ഡോക്ടർമാർ ഇന്നലെ മുതൽ ജോലിക്ക് എത്തിത്തുടങ്ങി.
ബ്ലോക്ക് പഞ്ചായത്തിന്റെ സമ്മർദവും സമരസമിതി ഭീമഹർജി നൽകിയ സാഹചര്യത്തിലും ഡിഎംഒയുടെ അടിയന്തര നിർദേശത്തെ തുടർന്നാണ് മൂവരും ചാർജെടുത്തതെന്നാണ് അറിയുന്നത്. കൂടാതെ ഇന്നുമുതൽ ഒരു ഡോക്ടർ കൂടി ഇവിടെ സേവനത്തിനെത്തുമെന്ന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അറിയിച്ചു.
പുതുതായി ഒരു ജീവനക്കാരനെ താൽക്കാലികമായി നിയമിക്കാനും തീരുമാനമുണ്ടത്രേ.പ്രവർത്തനം മെച്ചപ്പെടുത്താൻ കൂടുതൽ ജീവനക്കാരെയും ഡോക്ടർമാരെയും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിയെ കാണാനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനലിന്റെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്.
അതേസമയം ആവശ്യത്തിന് ഡോക്ടർമാരെ നിയമിച്ച് രാത്രി സേവനവും കിടത്തിചികിത്സയും പുനരാരംഭിക്കുന്നതുവരെ വിവിധ സമരമാർഗങ്ങളുമായി മുന്നോട്ടു പോകുമെന്ന് സമരസമിതി ചെയർമാൻ സി.ജി. ബിജു മുന്നറിയിപ്പ് നൽകി സമരത്തിന്റെ ഭാഗമായി ഇന്ന് മൂന്നിന് ആശുപത്രിയുടെ മുന്നിൽ പ്രഖ്യാപിച്ചിരുന്ന പ്രതിഷേധ കൂട്ടായ്മ മാറ്റമില്ലാതെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആറ് ഡോക്ടർമാരുടെ സേവനം ഉണ്ടായിരുന്ന ആശുപത്രിയിൽ രണ്ട് ഡോക്ടർമാരായി ചുരുങ്ങിയതോടെയാണ് ആശുപത്രിയുടെ താളം തെറ്റിയത്. ഇതോടെ പലപ്പോഴും ഒപി യുടെ പ്രവർത്തനം വരെ നിലച്ചു. ഇതേതുടർന്നാണ് നാട്ടുകാർ സമരത്തിന് ഇറങ്ങിയത്.