കുട്ടികള്‍ക്കെതിരായ ലൈംഗീകാതിക്രമങ്ങള്‍ക്കെതിരെ സ്നേഹിതയുടെ സേഫ് ടച്ച്
1584044
Friday, August 15, 2025 4:51 AM IST
കൊച്ചി: കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിന് സേഫ് ടച്ച്, അണ് സേഫ് ടച്ച് എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണ കാമ്പയിനുമായി സ്നേഹിത. കമ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സ്കൂളുകളിലും, ബാലസഭകളിലും ബഡ്സ് സ്കൂളുകളിലും കുട്ടികളുടെ കൂട്ടായ്മകളിലും നേരിട്ടും സ്നേഹിത ടീം അംഗങ്ങളുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
സ്നേഹിത @ സ്കൂള്‍ പദ്ധതി പ്രകാരം സ്കൂള്‍ കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമല്ലാത്ത സ്കൂളുകളില്‍ കമ്യൂണിറ്റി കൗണ്‍സിലര്‍മാരുടെയും സ്നേഹിത ടീം അംഗങ്ങളുടെയും നേതൃത്വത്തില്‍ മാസത്തിലൊരിക്കല്‍ എക്സ്റ്റന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന കുട്ടികള്‍ക്ക് പ്രാഥമിക മാനസിക പിന്തുണ നല്‍കുക എന്നതാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
മയക്കുമരുന്ന്, ലൈംഗികാതിക്രമങ്ങള്‍, മൊബൈല്‍ ഫോണ്‍ ആസക്തി തുടങ്ങിയവയെ ചെറുക്കുന്നതിന് അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും സ്നേഹിത മുഖാന്തിരം ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്ക് വിവിധ പിന്തുണകള്‍ നല്‍കുന്നതിന് സ്നേഹിതയുടെ നേതൃത്വത്തില്‍ ഇടപെടലുകള്‍ നടത്താനും സ്നേഹിത ലക്ഷ്യമിടുന്നു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആരംഭിക്കുന്ന കാമ്പയിന് പ്രവര്‍ത്തനങ്ങള്‍ 2026 മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനം വരെ തുടരും. സേഫ് ടച്ച് കാമ്പയിന് തുടക്കം കുറിച്ച് ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക സേഫ് ടച്ച് പോസ്റ്ററുകള്‍ പ്രകാശനം ചെയ്തു.