പാലക്കുഴ കാപ്പിപള്ളിക്ക് സമീപം റോഡിലെ കലുങ്ക് ഇടിഞ്ഞു
1583635
Wednesday, August 13, 2025 8:33 AM IST
പാലക്കുഴ: തൊടുപുഴ-കമ്പംമെട്ട് ഹൈവേയിൽ പാലക്കുഴ കാപ്പിപള്ളിക്ക് സമീപം കലുങ്ക് ഇടിഞ്ഞ് റോഡ് തകർന്നു. കാപ്പിപള്ളി പാലത്തിന് സമീപം കുരുവേലിതാഴത്തെ പഴയ കലുങ്കിന്റെ ഒരു ഭാഗം തിങ്കളാഴ്ച രാത്രിയാണ് ഇടിഞ്ഞത്.
വർഷങ്ങൾക്കു മുമ്പ് റോഡ് പുതുക്കി പണിതപ്പോൾ നിലവിൽ ഇവിടെ ഉണ്ടായിരുന്ന കലുങ്ക് നിലനിർത്തുകയും, തൊട്ടടുത്തു തന്നെ പുതിയ കലുങ്ക് നിർമിക്കുകയുമായിരുന്നു. കാലപ്പഴക്കം കൊണ്ട് ബലക്ഷയം സംഭവിച്ച പഴയ കലുങ്കാണ് അപകടകരമായ രീതിയിൽ ഇടിഞ്ഞ് താഴ്ന്നത്.
ഗതാഗതം ഭാഗികമായി തടസപ്പെട്ടതോടെ ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് കടന്നു പോകുവാൻ ബുദ്ധിമുട്ടി. തുടർന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ എത്തി പ്രശ്നത്തിന് പരിഹാരമായി ഇടിഞ്ഞ ഭാഗത്ത് ക്വാറി വേസ്റ്റ് ഇടുകയും റോഡ് സൈഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ജെസിബിയുടെ സഹായത്തോടെ താൽക്കാലിക ചാൽ നിർമിക്കുകയും ചെയ്തു. താത്കാലിക പ്രശ്നപരിഹാരത്തിന് പകരം യുദ്ധകാല അടിസ്ഥാനത്തിൽ കലുങ്ക് പുനർനിർമിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോർജ് അധികാരികളോട് ആവശ്യപ്പെട്ടു.