ചുഴലിക്കാറ്റ്: കറുകുറ്റി, മൂക്കന്നൂർ പഞ്ചായത്തുകളിൽ വ്യാപകനാശം
1584027
Friday, August 15, 2025 4:40 AM IST
അങ്കമാലി: അങ്കമാലിയില്‍ ഇന്നലെ രാവിലെ അപ്രതീക്ഷിതമായി ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ വ്യാപകനാശം. കറുകുറ്റി, മൂക്കന്നൂര്‍ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് നാശനഷ്ടമുണ്ടായത്. വ്യാപക കൃഷിനാശത്തിനു പുറമെ, മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ക്ക് നാശനഷ്ടവും സംഭവിച്ചു.
ഏകദേശം നാലു കിലോമീറ്റര്‍ ചുറ്റളവിലായിരുന്നു ചുഴലിക്കാറ്റ് സംഹാരതാണ്ഡവമാടിയത്. കാറ്റിന്റെ തീവ്രത നാട്ടുകാരെ ഭീതിയിലാക്കി. കറുകുറ്റി പഞ്ചായത്തിലെ 13,14 വാര്‍ഡുകളിലും മൂക്കന്നൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലുമാണ് കൂടുതലായും നാശനഷ്ടങ്ങള്‍ സംഭവിച്ചത്.
ജാതി, തേക്ക്, മാവ്, പ്ലാവ്, വാഴകള്‍ തുടങ്ങിയവ നിലംപതിച്ചു. വീടുകളുടെയും സ്ഥാപനങ്ങളുടെയും ആസ്ബസ്റ്റോസ്, ഇരുമ്പ് ഷീറ്റുകൾ കാറ്റിൽ പറന്നു. വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകര്‍ന്നു. തകരാറിലായ മേഖലയിലെ വൈദ്യുതിബന്ധം രാത്രിയോടെയാണ് പുന:സ്ഥാപിച്ചത്. റോഡുകളിലേക്ക് മരംവീണ് ചിലയിടങ്ങളിൽ വാഹന ഗതാഗതം തടസപ്പെട്ടു.
മൂക്കന്നൂര്‍ കൈപ്രമ്പാട്ട് ദേവസിയുടെ പറമ്പിലെ പുളിമരം വീണ് വീട്ടിലെ തൊഴുത്ത് പൂര്‍ണമായും തകര്‍ന്നു. തേക്ക് കടപുഴകി വീണ് ദേവസിയുടെ മതിലും തകര്‍ന്നു. വീടിന്റെ സണ്ഷൈഡിന് പൊട്ടലും സംഭവിച്ചു.
ഏഴാം വാര്‍ഡില്‍ കണ്ണന്താനത്ത് പ്രശാന്തിന്റെ വീടിന് മുകളില്‍ വന്‍ മരം കടുപുഴകി വീണു. വെട്ടിക്ക റോജിയുടെ തേക്ക്, ജാതി തുടങ്ങിയ മരങ്ങളും നിലംപൊത്തി. ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങള്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി.
നഷ്ടപരിഹാരം നൽകണമെന്ന് റോജി എം. ജോണ്‍ എംഎൽഎ
അങ്കമാലി: നിയോജകമണ്ഡലത്തിലെ കറുകുറ്റി, മൂക്കന്നൂര്‍ പഞ്ചായത്തകളില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ നിരവധി വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും വ്യാപകമായ കൃഷി നാശം ഉണ്ടാവുകയും ചെയ്തിട്ടുണ്ടെന്നും അർഹമായ ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും റോജി എം.ജോണ്‍ എംഎല്‍എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
നാശനഷ്ടം സംഭവിച്ച പ്രദേശങ്ങള്‍ ജനപ്രതിനിധികളോടൊപ്പം സന്ദര്‍ശിച്ചെന്നും ജനങ്ങള്‍ക്കുണ്ടായ പ്രയാസങ്ങള്‍ നേരിട്ട് മനസിലായെന്നും എംഎല്‍എ അറിയിച്ചു.