യൂണിറ്റി മാപ്പ് നിര്‍മിച്ച് നിര്‍മല കോളജ്
1584049
Friday, August 15, 2025 5:04 AM IST
മൂവാറ്റുപുഴ : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മൂവാറ്റുപുഴ നിര്‍മല കോളജ് വര്‍ണശാല ക്ലബിന്റെ ആഭിമുഖ്യത്തില്‍ യൂണിറ്റി മാപ്പ് നിര്‍മിച്ചു. കോളജിലെ 3000 വിദ്യാര്‍ഥികളുടെയും 200 അധ്യാപരുടെയും കൈപ്പത്തികള്‍ പതിപ്പിച്ച ഇന്ത്യയുടെ ഭൂപടമാണ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഒരുക്കിയത്.
പൂര്‍ണമായും പ്ലാസ്റ്റിക് ഒഴിവാക്കി തുണിയില്‍ വിദ്യാര്‍ഥികള്‍ വരച്ചാണ് മാപ്പ് നിര്‍മിച്ചത്. 30 അടി നീളത്തില്‍ 15 അടി വീതിയില്‍ പ്രാഥമിക വര്‍ണങ്ങളായ ചുവപ്പ്, പച്ച, നീലയും അവയുടെ ദ്വിതീയ വര്‍ണങ്ങളും ഉപയോഗിച്ചാണ് മാപ്പ് പൂര്‍ത്തീകരിച്ചത്. നാനാത്വത്തില്‍ ഏകത്വം എന്ന ആശയം മുന്‍നിര്‍ത്തി ഒരുമയുടെ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കലാസൃഷ്ടിയുടെ രൂപകല്‍പ്പന.
കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജസ്റ്റിന് കെ. കുര്യാക്കോസ്, ബര്‍സാര്‍ ഫാ. പോള്‍ കളത്തൂര്‍, കോളജ് ഓട്ടോണോമസ് ഡയറക്ടര്‍ ഡോ. കെ.വി. തോമസ്, വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. സോണി കുര്യാക്കോസ്, ഡോ. ജിജി കെ. ജോസഫ്,
സ്റ്റുഡന്റ് വെല്‍ഫയര്‍ ഡീന്‍ ഡോ. കെ.വി വിനോദ്, ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ അനിത ജെ. മറ്റം, വര്‍ണശാല കോ-ഓര്‍ഡിനേറ്റര്‍മാരായ എ. പൂര്‍ണ പുഷ്കല, വിഥുല തോമസ്, വിദ്യാര്‍ഥികളായ മുഹമ്മദ് റാസില്‍, സസ്ന സാജു, എല്‍സീറ്റ ആന്റണി, മീര പി. നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്കി.