ഇണയ്ക്ക് ഇര തേടിയെത്തിയ മലമുഴക്കി വേഴാന്പൽ കൗതുകക്കാഴ്ചയായി
1583642
Wednesday, August 13, 2025 8:33 AM IST
വൈപ്പിൻ: അടയിരിക്കുന്ന ഇണയ്ക്ക് ഇര തേടിയെത്തിയ മലമുഴക്കി വേഴാമ്പൽ നാട്ടുകാരിൽ കൗതുകമുണർത്തി. സാധാരണ വനമേഖലകളിൽ മാത്രം കണ്ടുവരുന്ന ഒരിനം വേഴാമ്പലാണിത്. ഇന്നലെ രാവിലെ നായരമ്പലത്ത് പടിഞ്ഞാറേക്കൂറ്റ് സജീവന്റെ വീട്ടുവളപ്പിലുള്ള ചൂണ്ടപ്പനയിലെ മൂത്തുപഴുത്ത കുലകളിലാണ് ഇതിനെ കണ്ടത്.
കറുപ്പും മഞ്ഞയും കലര്‍ന്ന തൂവല്‍ത്തൊപ്പിയും മഞ്ഞ നിറത്തിലുള്ള നീണ്ട കൊക്കും ചുവന്ന കണ്ണുകളുമൊക്കെയുള്ള വേഴാമ്പലിന്റെ ചന്തം കാഴ്ചക്കാരുടെ മനംനിറച്ചു. വിവരമറിഞ്ഞെത്തിയ പക്ഷിനിരീക്ഷകരാണ് മലമുഴക്കി വേഴാമ്പലിനെ തിരിച്ചറിഞ്ഞത്. ചിലയ്ക്കുമ്പോൾ മലകൾക്കിടയിലെന്ന പോലെ പ്രതിധ്വനി ഉയർത്തുന്ന തരത്തിലെ ശബ്ദവും പറക്കുമ്പോൾ ശക്തമായ ചിറകടിയൊച്ചയുമുള്ളതുകൊണ്ടാണത്രേ ഇവയ്ക്ക് മലമുഴക്കി എന്നു പേരു വീണത്.
പെൺകിളികൾ മുട്ടയിട്ട് അടയിരിക്കുന്ന സമയത്ത് ആൺകിളികൾ ഇണയ്ക്ക് ഇര അന്വേഷിച്ച് അകലങ്ങളിലേക്ക് പോകാറുണ്ടത്രേ. ഇങ്ങനെയായിരിക്കാം ഈ ചൂണ്ടപ്പനക്കുലകളിൽ ഇത് എത്തിച്ചേർന്നതെന്നും പക്ഷിനിരീക്ഷകർ വ്യക്തമാക്കി.
ഹരുണി സുരേഷ്