മുൻകൂർ വിവരം നൽകിയില്ല : വാട്ടർ അഥോറിറ്റി ജീവനക്കാരും പോലീസും തമ്മിൽ വാക്കേറ്റം
1584032
Friday, August 15, 2025 4:40 AM IST
മരട്: കുടിവെള്ള പൈപ്പ് പൊട്ടിയുണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി വാട്ടർ അഥോറിറ്റി ജീവനക്കാർ സ്ഥലത്തെത്തിയപ്പോൾ, പോലീസിന് മുൻകൂർ വിവരം നൽകിയില്ലെന്ന കാരണത്താൽ ഇരുവിഭാഗം ജീവനക്കാർ തമ്മിൽ വാക്കേറ്റമുണ്ടായി. മരട് നഗരസഭാ ചെയർപേഴ്സന്റെ മധ്യസ്ഥതയിൽ വൈകാതെ പ്രശ്നം പരിഹരിക്കുകയും ചെയ്തു.
മരട് നഗരസഭാ പരിധിയിലെ ന്യൂക്ലിയസ് മാളിന് സമീപത്ത് മൂന്നു സ്ഥലത്ത് പൈപ്പ് പൊട്ടിയതിനെ തുടർന്ന് സമീപ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം തടസപ്പെട്ടിരുന്നു. നഗരസഭാ കൗൺസിലർമാരുൾപ്പെടെ അടിയന്തര പരിഹാരം ആവശ്യപ്പെട്ടതിനെ തുടർന്ന് ഇന്നലെെ രാവിലെ തന്നെ വാട്ടർ അഥോറിറ്റി സംഘം സ്ഥലത്തെത്തി.
എന്നാൽ ഗതാഗത നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് പോലീസിൽ വിവരം നൽകിയിരുന്നില്ല. തുടർന്ന് ഇതു സംബന്ധിച്ച് തർക്കമുണ്ടാകുകയും വാട്ടർ അഥോറിറ്റി ജീവനക്കാർ ജോലികൾ നിർത്തിവയ്ക്കുകയുമായിരുന്നു. പിന്നീട് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നഗരസഭാ ചെയർപേഴ്സൺ ആന്റണിആശാംപറമ്പിൽ ഇരുവകുപ്പുകളിലെയും ജീവനക്കാരുമായി സംസാരിച്ച് പ്രശ്നം അവസാനിപ്പിച്ചു.
തുടർന്ന് വാട്ടർ അഥോറിറ്റി ജീവനക്കാർ പണികൾ പുനരാരംഭിച്ച് തകരാർ പരിഹരിച്ചു.ഭാവിയിൽ ഇത്തരം സാഹചര്യങ്ങളിൽ പരസ്പരം വിവരം കൈമാറാനും സഹകരിക്കാനും ഇരുവിഭാഗവും സമ്മതമറിയിച്ചു.