ഓർമകളുടെ ‘രസതന്ത്രം' അറിഞ്ഞ് കോളജ് മുറ്റത്ത് ഒരുവട്ടംകൂടി...
1583641
Wednesday, August 13, 2025 8:33 AM IST
കൊച്ചി: പഠിച്ചു വളർന്ന മാതൃവിദ്യാലയത്തിന്റെ തിരുമുറ്റത്ത് പതിറ്റാണ്ടുകൾക്കു ശേഷം അവർ ഒത്തുകൂടി. രസതന്ത്രത്തിന്റെ ആഴങ്ങളറിഞ്ഞ ക്ലാസ് മുറികളിൽ അവർ ഓർമകളുടെ രസക്കൂട്ടുകൾ പങ്കുവച്ചു. അവരങ്ങനെ വീണ്ടും പഴയ വിദ്യാർഥികളായി.
തേവര സേക്രഡ് ഹാർട്ട് കോളജിൽ നിന്നു 1985 ൽ രസതന്ത്ര വിഭാഗത്തിൽ നിന്ന് പഠിച്ചിറങ്ങിയ പൂർവവിദ്യാർഥികളാണ് കോളജിൽ ഒത്തുകൂടിയത്. രസതന്ത്ര വിഭാഗം സ്ഥാപകനും മുൻ വകുപ്പ് മേധാവിയുമായിരുന്ന പ്രഫ. എം.വി. വർഗീസ് വിരമിച്ചതിന്റെ 50 വർഷവും വകുപ്പ് മേധാവിയും അധ്യാപകനുമായിരുന്ന പ്രഫ. കെ.എ.ഗോപാലകൃഷ്ണൻ വിരമിച്ചതിന്റെ 40 വർഷവും പൂർത്തിയാക്കിയതിന്റെ ഭാഗമായിരുന്നു സംഗമം. പഴയ ആ കുട്ടിക്കൂട്ടത്തിൽ മുൻ കേന്ദ്രമന്ത്രി മുതൽ ജഡ്ജിമാരും പ്രഫസർമാരും വരെ ഉണ്ടായിരുന്നു.
തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരുടെ ഓർമകൾ ഒരിക്കകൂടി പുതുക്കാനായിരുന്നു തിരുഹൃദയ കലാലയം മുറ്റത്ത് ഒത്തുചേരലെന്നു സംഘാടകർ പറഞ്ഞു. ഇരുന്നൂറോളം പേർ പങ്കെടുത്തു.
കോളജിന്റെ മുൻ മാനേജരും പ്രിൻസിപ്പലുമായിരുന്ന റവ. ഡോ. ജോസ് കുറിയേടത്ത് അധ്യക്ഷത വഹിച്ചു. രസതന്ത്ര വിഭാഗം മുൻ മേധാവിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രഫ. കെ.വി.തോമസ് മുഖ്യപ്രഭാഷണവും ഡോ. പി.ബാബു ജോസ് അനുസ്മരണ പ്രഭാഷണവും നടത്തി. ഡോ. വരുണ്ണി. വിജയഗോപാൽ, ഡോ. ശ്രീകാന്ത്, ജസ്റ്റിസ് എ. കെ. ജയശങ്കർ നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.
പ്രഫ. വി.എ. ജോസഫ്, പ്രഫ. കെ. വി. തോമസ്, ഡോ. പി. ബാബു ജോസ് എന്നിവരുടെ നേതൃത്വത്തിൽ പ്രഫ. എം. വി. വർഗീസിനെയും പ്രഫ. കെ. എ. ഗോപാലകൃഷ്ണനെയും അനുസ്മരിച്ച് എൻഡോവ്മെന്റ് വിഭാഗം സ്ഥാപിച്ചിട്ടുണ്ട്.