പെരുന്പാവൂരിൽ സ്ഥല വാടകയുടെ മറവിൽ ഡ്രൈവിംഗ് സ്കൂളുകളുടെ കൊള്ള
1583784
Thursday, August 14, 2025 4:33 AM IST
പെരുമ്പാവൂർ: ഡ്രൈവിംഗ് ടെസ്റ്റിന്റെ സ്ഥല വാടകയെന്ന പേരിൽ ഡ്രൈവിംഗ് സ്കൂളുകളുടെ കൊള്ളയെന്ന് പരാതി. സർക്കാർ ഉടമസ്ഥതയിൽ പെരുമ്പാവൂരിൽ ഗ്രൗണ്ട് ഇല്ലാത്ത അവസ്ഥ മുതലെടുത്താണു സ്കൂളുകളുടെ കഴുത്തറുപ്പൻ നടപടി.
ഡ്രൈവിംഗ് സ്കൂളുകളുടെ സംഘടന പട്ടാലിൽ ജോയിന്റ് ആർടി ഓഫീസിന് എതിർവശത്തുള്ള 50 സെന്റ് സ്ഥലം വാടകയ്ക്ക് എടുത്ത് ഗ്രൗണ്ടാക്കി മാറ്റിയാണ് ടെസ്റ്റ് നടത്തുന്നത്. ടെസ്റ്റ് ദിവസം 250 മുതൽ 500 രൂപ വരെയാണ് ഓരോ പഠിതാവിൽ നിന്നും സ്കൂളുകൾ ഈടാക്കുന്നത്. വാടക തുകയ്ക്ക് ഏകീകൃത രൂപമില്ല. തോന്നിയ പോലെയാണ് ഓരോ സ്കൂളും പണം ഈടാക്കുന്നതെന്നു പഠിതാക്കൾ പരാതിപ്പെടുന്നു.
പഠിപ്പിക്കുന്നതിനും ആർടി ഓഫിസിൽ അടയ്ക്കേണ്ട ഫീസിനും പുറമെയാണ് ഈ തുക ഈടാക്കുന്നത് സ്വകാര്യ ഗ്രൗണ്ടിന്റെ വാടക മാസം 25,000 രൂപയാണ്. ആഴ്ചയിൽ അഞ്ച് ദിവസമാണ് ഇരുചക്രം അടക്കമുള്ള വാഹനങ്ങളിലെ ഡ്രൈവിംഗ് ടെസ്റ്റ്. ഒരു ബാച്ചിൽ 40 പേർ. ചില ദിവസം രണ്ട് ബാച്ചുകൾ അനുവദിക്കും. കൂടാതെ പ്രത്യേക അനുമതിയോടെ ടെസ്റ്റിനെത്തുന്നവരും ഉണ്ട് ദിവസവും ഗ്രൗണ്ട് വാടകയിനത്തിൽ ചുരുങ്ങിയത് 15,000-20,000 രൂപ ലഭിക്കും.
ടെസ്റ്റിനെത്തുവർക്കു ശുചിമുറി സൗകര്യമോ ശുദ്ധജലമോ ലഭ്യമല്ല ടെസ്റ്റ് നടത്തുമ്പോൾ ഓരോ സ്കൂളിന്റെയും ഒരു ഇൻസ്ട്രക്ടർക്കാണു പ്രവേശനാനുമതി നൽകിയിരിക്കുന്നതെങ്കിലും കൂടുതൽ പേർ പ്രവേശിക്കുന്നു.മലമുറിയിൽ ആർടി ഓഫീസും ടെസ്റ്റ് ഗ്രൗണ്ടും നിർമിക്കാൻ 60 സെന്റ് സർക്കാർ പുറമ്പോക്ക് ഭൂമി കണ്ടെത്തിയിട്ടുണ്ടെങ്കിലും നടപടിയൊന്നുമായിട്ടില്ല.
ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് വാടകയെന്ന രീതിയിൽ തുക ഈടാക്കുന്നുവെന്ന പരാതിയിൽ ഡ്രൈവിംഗ് സ്കൂൾ ഉടമകളോടു വിശദീകരണം തേടിയെന്ന് ജോയിന്റ് ആർടിഒ എസ്. പ്രദീപ് പറഞ്ഞു. ആശാൻ ഫീസ് എന്ന നിലയിലാണ് തുക വാങ്ങുന്നതെന്നാണ് സ്കൂളുകളുടെ വിശദീകരണം. 150 രൂപയിൽ കൂടുതൽ ഗ്രൗണ്ട് വാടകയായി വാങ്ങരുതെന്നു നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.