കച്ചേരിത്താഴത്തെ ഗര്‍ത്തം: ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥർ സന്ദർശിച്ചു
1584047
Friday, August 15, 2025 5:04 AM IST
മൂവാറ്റുപുഴ: കച്ചേരിത്താഴം പാലത്തിന് സമീപം റോഡരികില്‍ ഗര്‍ത്തമുണ്ടായ സ്ഥലത്ത് കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥരെത്തി സ്ഥിതി വിലയിരുത്തി. രണ്ടു തവണ ഗര്‍ത്തമുണ്ടായ ഈ ഭാഗത്ത് വിദഗ്ധ പരിശോധനയും ശാശ്വത പരിഹാരത്തിനുള്ള പദ്ധതിയും തയാറാക്കാതെ താത്കാലിക നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയാല്‍ ഭാവിയില്‍ കൂടുതല്‍ അപകടമുണ്ടാകാനിടയുണ്ടെന്ന് സംഘം വിലയിരുത്തി.
ഗര്‍ത്തമുണ്ടായ ഭാഗത്ത് കുഴിച്ച ശേഷം ഇവിടം നികത്തി ടാര്‍ ചെയ്യുന്നതിനായിരുന്നു ആലോചന. രണ്ടു പാലങ്ങളോട് ചേര്‍ന്ന് പുഴയിലേക്ക് തുറക്കുന്ന ആഴത്തിലുള്ള രണ്ട് ഓടകളുടെ സ്ലാബുകള്‍ക്ക് തകരാറുണ്ടായി മണ്ണിടിഞ്ഞ് താഴ്ന്നതാണ് ഗര്‍ത്തമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ 11ന് രാവിലെ സ്കൂള്‍ വാഹനത്തിന്റെ മുന്‍ ചക്രം ടാറില്‍ താഴ്ന്നു. തുടര്‍ന്നാണ് ഗര്‍ത്തം കണ്ടെത്തിയത്.
മൂന്ന് വര്‍ഷം മുമ്പ് ഇവിടെ റോഡിടിഞ്ഞ് ഗര്‍ത്തം ഉണ്ടായതാണ്. അന്ന് താത്കാലികമായി ഗര്‍ത്തം മണ്ണിട്ട് നികത്തി ടാര്‍ ചെയ്ത് ഗതാഗതം പുനരാരംഭിച്ചു. ഇവിടെ തുടര്‍ച്ചയായി ഗര്‍ത്തം ഉണ്ടാകുന്നത് അപകട ഭീഷണിയായി മാറിയിരിക്കുകയാണ്. താത്കാലികമായി ഇരുമ്പ് ഷീറ്റ് പൈലിംഗ് ചെയ്ത് മണ്ണിട്ട് ഉറപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
തിരക്കേറിയ റോഡ് അടച്ചിടുന്നത് പ്രായോഗികമല്ലാത്തതിനാലാണ് താത്കാലികമായി ഇരുമ്പ് ഷീറ്റ് പൈലിംഗ് നടത്തി സഞ്ചാരയോഗ്യമാക്കുന്നത്. കെഎച്ച്ആര്‍ഐ സംഘം റിപ്പോര്‍ട്ട് നല്‍കിയശേഷം കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി ശാശ്വത പരിഹാരം കണ്ടെത്താനാണ് തീരുമാനം.
മാത്യു കുഴല്നാടന് എംഎല്‍എ, മുന്‍ എംഎല്‍എമാരായ എല്‍ദോ ഏബ്രാഹാം, ബാബു പോള്‍, നഗരസഭാ അധ്യക്ഷന്‍ പി.പി. എല്‍ദോസ്, തിരുവനന്തപുരം കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷീജ റാണി, അസി. എന്‍ജിനീയര്‍ അരവിന്ദ് അനില്‍കുമാര്‍ തുടങ്ങിയവരാണ് സ്ഥലം സന്ദര്‍ശിച്ചത്.
ഗര്‍ത്തം: മന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടു
മൂവാറ്റുപുഴ: എംസി റോഡില്‍ കച്ചേരിത്താഴത്ത് രൂപംകൊണ്ട ഗര്‍ത്തത്തില്‍ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസുമായി മാത്യു കുഴല്നാടന് എംഎല്‍എ ചര്‍ച്ച നടത്തി.
കെആര്‍എഫ്ബി തയാറാക്കിയ റിപ്പോര്‍ട്ടും കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘം നടത്തിയ സ്ഥലപരിശോധനയുടെ വിലയിരുത്തലുകളും എംഎല്‍എ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ഗര്‍ത്തം കൂടുതല്‍ വ്യാപിക്കുകയാണെന്നും ഭാരമേറിയ വാഹനങ്ങളടക്കം കടന്നുപോകുന്നതു മൂലം കച്ചേരിതാഴത്തെ വലിയ പാലം വഴിയുള്ള ഗതാഗതം തടസപ്പെടുന്ന സാഹചര്യം ഉടന്‍ ഉണ്ടാകാമെന്നും എംഎല്‍എ മന്ത്രിയെ ധരിപ്പിച്ചു.
പ്രശ്നത്തിന് അടിയന്തര പരിഹാര നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായി എംഎല്‍എ അറിയിച്ചു.