കോതമംഗലം-പെരുമ്പന്‍കുത്ത് റോഡിന്റെ വശങ്ങളിലെ അപകട ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റണം
1584046
Friday, August 15, 2025 5:04 AM IST
കോതമംഗലം: കോതമംഗലം-പെരുമ്പന്‍കുത്ത് റോഡിന്റെ ഇരുവശങ്ങളിലും സ്വകാര്യ ഭൂമിയിൽ വൈദ്യുതി ലൈനിനും യാത്രക്കാര്‍ക്കും ഭീഷണിയായി നില്ക്കുന്ന മരങ്ങളെല്ലാം മുറിച്ചു മാറ്റാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് കീരംപാറ മേഖലാ നേതൃ സംഗമം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം രാത്രി കീരംപാറ - ഊഞ്ഞാപ്പാറ കവലയ്ക്കു മധ്യേ എസ്ടി കോണ്‍വന്റ് ജംഗ്ഷനില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ റോഡരികില്‍നിന്ന വലിയ മരം കടപുഴകി വൈദ്യുതി ബോര്‍ഡിന്റെ 11 കെവി ലൈനിലേക്കു വീണ് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
പരിസര പ്രദേശങ്ങളിലെ വൈദ്യുത ബന്ധം തകരാറിലായി.
വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരും പോലീസും അഗ്നിരക്ഷാ സേനയുമെത്തി മണിക്കൂറുകൾ പരിശ്രമിച്ചാണ് ഗതാഗതം പുനസ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഗോപി മുട്ടത്ത് നേതൃത്വം നൽകി. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് മന്ത്രിമാർക്കും ജില്ലാ കളക്ടര്‍ക്കും നിവേദനം നല്‍കുമെന്ന് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സി. ജോര്‍ജ് അറിയിച്ചു.