പട്ടിക വർഗ ഉന്നതികളിൽ സിവിൽ ഡിഫൻസ് സുരക്ഷാ പരിശീലന പദ്ധതിയുമായി ഫയർ ആൻഡ് റെസ്ക്യൂ
1584050
Friday, August 15, 2025 5:04 AM IST
കോതമംഗലം: പട്ടിക വർഗ ഉന്നതികളിൽ അടിയന്തര രക്ഷാപ്രവർത്തന പദ്ധതിയുമായി കോതമംഗലം അഗ്നിരക്ഷാ നിലയം. കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം, കുഞ്ചിപ്പാറ, തലവച്ചുപാറ, തേരാ പട്ടിക വർഗ ഉന്നതികളെയും കല്ലേലി മേടിനെയും ഉൾപ്പെടുത്തിയാണ് വിവിധ ഘട്ടങ്ങളായുള്ള പരിശീലനപദ്ധതി തയാറാക്കിയിട്ടുള്ളത്.
വനമേഖലകളായും പുഴകളാലും ചുറ്റപ്പെട്ട, ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യമുണ്ടായാൽ രക്ഷാപ്രവർത്തകർക്ക് ഇവിടെ എത്തിച്ചേരാൻ വളരെ കാലതാമസം നേരിടും. പൂയംകുട്ടി പുഴയിൽ വെള്ളം ഉയർന്നാൽ കരമാർഗത്തിലൂടെ ഇവിടെ എത്തിച്ചേരുക വളരെ ദുഷ്കരവും ആണ്.
പ്രദേശങ്ങളിലെ സുരക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ഇവിടം സന്ദർശിച്ച എറണാകുളം ജില്ലാ ഫയർ ഓഫീസർ കെ.ഹരികുമാറിന്റെ നിർദേശപ്രകാരമാണ് പ്രത്യേക പരിശീലന പദ്ധതിയുമായി കോതമംഗലം അഗ്നിരക്ഷാനിലയം രംഗത്ത് എത്തിയത്. കോതമംഗലം സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് സതീഷ് ജോസിന്റെ നേതൃത്വത്തിൽ പ്രഗൽഭരായ പരിശീലകർ ക്ലാസുകൾ നയിക്കും.
നാളെ രാവിലെ 10ന് കുഞ്ചിപ്പാറ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ പരിശീലന പരിപാടി ആരംഭിക്കും.കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിക്കും. ആൻറണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്യും. കെ.ഹരികുമാർ മുഖ്യപ്രഭാഷണം നടത്തും.