കച്ചേരിത്താഴത്തെ ഗര്‍ത്തം: ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിക്കും
1583803
Thursday, August 14, 2025 4:52 AM IST
മൂവാറ്റുപുഴ: എംസി റോഡില്‍ കച്ചേരിത്താഴത്ത് ഗര്‍ത്തം രൂപപ്പെട്ട സാഹചര്യത്തില്‍ കൂടുതല്‍ പഠനത്തിനായി കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കും. തിങ്കളാഴ്ച രാവിലെയാണ് കച്ചേരിത്താഴം വലിയ പാലത്തിനോട് ചേര്‍ന്ന് ഗര്‍ത്തം രൂപപ്പെട്ടത്. മൂന്നു വര്‍ഷം മുമ്പും ഇതേ സ്ഥലത്ത് ഗര്‍ത്തം രൂപപ്പെട്ടിരുന്നു. മണ്ണിട്ട് നികത്തി റോഡ് ടാര്‍ ചെയ്ത് പൂര്‍വ സ്ഥിതിയിലാക്കിയ ഭാഗമാണ് ഇപ്പോള്‍ ഇടിഞ്ഞ് താഴ്ന്നിരിക്കുന്നത്.
മണ്ണിനടിയിലെ ഓടയുടെ സ്ലാബിന് തകരാര്‍ സംഭവിച്ചതോടെ ഇതുവഴി മണ്ണ് ഒലിച്ച് സമീപത്തെ പുഴയിലേയ്ക്ക് പോയതാണ് ഗര്‍ത്തം രൂപപ്പെടാന്‍ കാരണമായതായി അധികൃതര്‍ പറയുന്നത്. പുതിയ സ്ലാബ് കോണ്‍ക്രീറ്റ് ചെയ്തശേഷം അതിനു മുകളില്‍ മണ്ണിട്ട് നികത്തി റോഡ് ടാറിംഗ് ചെയ്യേണ്ടതുണ്ട്. ഇതിന് കാലതാമസമെടുക്കും.
അതിനാല്‍ എളുപ്പമാര്ഗത്തേക്കുറിച്ച് അധികൃതര്‍ ആലോചിച്ചുവരികയാണ്. ഇതിനു പുറമെ ഗര്‍ത്തത്തിന്റെ അരിക് ഇടിഞ്ഞുകൊണ്ടിരിക്കുന്നതും മറ്റൊരു വെല്ലുവിളിയായിരിക്കുകയാണ്. കെആര്‍എഫ്ബി സൂപ്രണ്ടിംഗ് എന്‍ജിനീയറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തിരക്കേറിയ പാലത്തിനോട് ചേര്‍ന്ന് ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.