വിദേശ ജോലി തട്ടിപ്പ്: മൂന്നു പേർ അറസ്റ്റിൽ
1583780
Thursday, August 14, 2025 4:33 AM IST
ആലുവ:വിദേശജോലി വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത റിക്രൂട്ടിംഗ് സ്ഥാപനങ്ങളിൽ പോലീസ് നടത്തിയ റെയ്ഡിൽ ഒരു സ്ഥാപനത്തിന്റെ ഉടമയും നിയമോപദേശകനും ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ.
ആലുവ ബാങ്ക് കവലയിലെ റോയൽ പ്ലാസയിൽ പ്രവർത്തിച്ചിരുന്ന മൈഗ്രിറ്റ് ഓവർസീസ് കൺസൾട്ടന്റ് എന്ന സ്ഥാപനത്തിന്റെ പാർട്ണർ ആലുവ ദേശം പി.വി.എസ് ഫ്ളാറ്റിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിനി നിഷ വിജീഷ് (38),
സ്ഥാപനത്തിൽ നിന്ന് കംപ്യൂട്ടർ, ഹാർഡ് ഡിസ്ക്ക് എന്നിവയടക്കം രേഖകൾ നീക്കാൻ ഉപദേശം നൽകിയ അഭിഭാഷകൻ പാലാ ഭരണങ്ങാനം വേലൻകുന്നേൽ അഡ്വ. ടോജി തോമസ് (39), സ്ഥാപനത്തിൽ നിന്ന് നീക്കിയ രേഖകൾ ഒളിപ്പിക്കാൻ സഹായിച്ച പോഞ്ഞാശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന വെങ്ങോല ഐനിപ്പറമ്പിൽ സാൻവർ (41) എന്നിവരാണ് അറസ്റ്റിലായത്.
നിരവധി ഉദ്യോഗാർഥികളുടെ പരാതികളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് റോയൽ പ്ളാസയിൽ പ്രവർത്തിക്കുന്ന പത്തോളം റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളിൽ പോലീസ് റെയ്ഡ് നടത്തിയത്.
മൈഗ്രിറ്റ് ഉൾപ്പെടെ മൂന്ന് സ്ഥാപനങ്ങൾ പൂട്ടി സീൽ പതിക്കുകയും നഗരസഭയുടെ ലൈസൻസ് ഇല്ലാത്ത അഞ്ച് സ്ഥാപങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് അറസ്റ്റ് നടന്നത്. മൈഗ്രിറ്റ് ഉടമ നിഷയുടെ ഭർത്താവും പ്രതിയാണ്. ഇയാൾ വിദേശത്തേക്ക് കടന്നതായി പറയപ്പെടുന്നു.