പ്രതിഷേധം ശക്തമായി: ആലുവ സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് പ്രവർത്തനക്ഷമമാക്കി
1583791
Thursday, August 14, 2025 4:43 AM IST
ആലുവ : പ്രതിഷേധം ശക്തമായതോടെ ആലുവ സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് അറ്റകുറ്റപ്പണി നടത്തി പ്രവർത്തന ക്ഷമമാക്കി. നിരവധിപേർ ലിഫ്റ്റിൽ കുടുങ്ങുകയും പടികൾ കയറി മൂന്നാം നിലയിൽ എത്തിയ ഓട്ടോ ഡ്രൈവർക്ക് ശാരീരികസാസ്ഥ്യം ഉണ്ടാവുകയും ചെയ്തതോടെയാണ് അധികൃതർ അടിയന്തര നടപടി എടുത്തത്.
പുതിയ ലിഫ്റ്റ് സ്ഥാപിക്കാനായി ആലുവ എംഎൽഎ അൻവർ സാദത്ത് 10 ലക്ഷം രൂപ അനുവദിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. ചുമതലയുള്ള ചാലക്കുടിയിലെ പൊതുമരാമത്ത് എൻജിനീയറിംഗ് വിഭാഗം വിഷയം ഗൗരവത്തിൽ എടുക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടേയും പരാതി.
കഴിഞ്ഞ ദിവസം മൂന്നാം നിലയിലെ ആലുവ ജോയിന്റ് ആർടി ഓഫീസിൽ എത്തിയ ചൂർണിക്കര പഞ്ചായത്തിലെ കുന്നന്നേരി മാന്ത്രയ്ക്കൽ സ്വദേശിയായ ഹൈദ്രോസ് കുഴഞ്ഞു വീണു. ആലുവ ജോയിന്റ് ആർടി ഓഫീസിലെ എംവിഐ കെ.എസ്. സജിൻ സിപിആർ നൽകിയാണ് ജീവൻ രക്ഷിച്ചത്.
ലിഫ്റ്റിൽ കയറി കുടുങ്ങിയവരെ ഫയർ ഫോഴ്സ് എത്തിയാണ് പലപ്പോഴും രക്ഷിക്കുന്നത്. ഭിന്നശേഷിയുള്ളവരും വയോധികരുമാണ് ലിഫ്റ്റ് ഇടയ്ക്കിടെ കേടാവുന്നതിനാൽ ഏറെ കഷ്ടപ്പെടുന്നത്. എംപ്ലോയ്മെന്റ് എക്ചേഞ്ച്, താലൂക്ക് ഓഫീസ് തുടങ്ങിയവയും മുകളിലെ നിലയിലാണ് പ്രവർത്തിക്കുന്നത്.