കച്ചേരിത്താഴത്തെ ഗര്‍ത്തം: ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു
1583638
Wednesday, August 13, 2025 8:33 AM IST
മൂവാറ്റുപുഴ: എംസി റോഡില്‍ കച്ചേരിത്താഴത്ത് വീണ്ടും ഗര്‍ത്തം രൂപപ്പെട്ട ഭാഗം ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു. വന്‍ അപകടസാധ്യത സൃഷ്ടിച്ച സാഹചര്യത്തില്‍ മാത്യു കുഴല്നാടന് എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അടിയന്തര സ്ഥലപരിശോധനയും ശാശ്വത പരിഹാരത്തിനുള്ള നടപടികളും ആരംഭിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് കച്ചേരിത്താഴം വലിയ പാലത്തിനോടു ചേര്‍ന്നു ഗര്‍ത്തം രൂപപ്പെട്ടത്. മൂന്നു വര്‍ഷം മുമ്പും ഇതേ സ്ഥലത്ത് ഗര്‍ത്തം രൂപപ്പെട്ടിരുന്നു. അന്നു നടത്തിയ പഠനങ്ങളും പരീക്ഷണാടിസ്ഥാനത്തിലുള്ള പുനര്‍നിര്‍മാണവും കഴിഞ്ഞ് ഏഴ് ദിവസത്തെ നിരീക്ഷണത്തിനുശേഷം ഗതാഗതം പൂര്‍ണമായി പുനഃസ്ഥാപിച്ചിരുന്നു.
എന്നാല്‍ ഇത്തവണയും സമാന സാഹചര്യങ്ങള്‍ ആവര്‍ത്തിച്ചതോടെ യുദ്ധകാലാടിസ്ഥാനത്തില്‍ വിശദമായ പഠനം നടത്തി ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ എംഎല്‍എ കഴിഞ്ഞ ദിവസം തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദേശിക്കുകയും ജില്ലാ കളക്ടറെ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കെആര്‍എഫ്ബിയുടെ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും, അഗ്നിശമന രക്ഷാസേന, പിഡബ്ല്യുഡി വിദഗ്ധ സംഘങ്ങളും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
സമീപത്തെ പുഴയിലേക്കുള്ള പഴയ ഓടയ്ക്കു മുകളില്‍ സ്ഥാപിച്ചിരുന്ന കവര്‍ സ്ലാബുകള്‍ക്ക് സ്ഥാനചലനം സംഭവിച്ചത് മൂലം ഓടയ്ക്കു മുകളില്‍നിന്നു മാറുകയും ഇതുമൂലം മണ്ണും റോഡും ഇടിഞ്ഞ് ഓടയിലൂടെ ഒലിച്ച് പുഴയിലേക്ക് പോയതായി കണ്ടെത്തി. ഇത് മനസിലാക്കിയ ഉദ്യോഗസ്ഥ സംഘം സ്ലാബ് ഇടിഞ്ഞ ഭാഗം കണ്ടെത്തിയതിനുശേഷം ആ ഭാഗത്തെ റോഡ് പൂര്‍ണമായും കുഴിച്ചുമാറ്റി ഓട ശുദ്ധീകരിച്ച് പുതിയ സ്ലാബ് സ്ഥാപിക്കാനും രൂപപ്പെട്ട ഗര്‍ത്തം പൂര്‍ണമായി അടച്ച് ആവശ്യമായ കാലയളവ് കഴിഞ്ഞ് ഗതാഗതത്തിന് തുറന്നുകൊടുക്കാനുമുള്ള നടപടികള്‍ ആരംഭിച്ചു.
സ്ലപരിശോധനയ്ക്കായി എംഎല്‍എയോടൊപ്പം, ആര്‍ഡിഒ പി.എ. അനി, കെആര്‍എഫ്ബി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ മഞ്ജുഷ, കെആര്‍എഫ്ബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജയരാജ്, പിഡബ്ല്യുഡി റോഡ്സ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷാമോന്, കെആര്‍എഫ്ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പോള്‍ തോമസ്, പിഡബ്ല്യുഡി ബ്രിഡ്ജ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്.ജെ. സജിന, ഫയര്‍ഫോഴ്സിലെയും മോട്ടോര്‍ വാഹന വകുപ്പിലെയും ഉദ്യോഗസ്ഥന്മാര് അടക്കമുള്ള സംഘമാണ് എത്തിയത്.
വിദഗ്ധ സംഘം പരിശോധന നടത്തണം
മൂവാറ്റുപുഴ: കച്ചേരിത്താഴം പാലത്തിന് സമീപം ഗര്‍ത്തം രൂപപ്പെട്ടത് ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണെന്നും അപകട സാധ്യത കണക്കാക്കി കേരള ഹൈവേ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതിനിധി സംഘം സ്ഥല പരിശോധന നടത്തണമെന്നും മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് എല്‍ദോ എബ്രഹാം മന്ത്രി മുഹമ്മദ് റിയാസിന് കത്ത് നല്കി.