ഓണ്‍ലൈന്‍ മദ്യവില്പന നീക്കം ഉപേക്ഷിക്കണം: മദ്യവിരുദ്ധസമിതി കോതമംഗലം രൂപത കമ്മിറ്റി
1583801
Thursday, August 14, 2025 4:52 AM IST
കോതമംഗലം: ഓണ്‍ലൈന്‍ വില്പനയിലൂടെ മദ്യം വീട്ടിലെത്തിച്ച് കുടുംബങ്ങളുടെ സമാധാനം തകര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി കോതമംഗലം രൂപത കമ്മിറ്റി. മദ്യശാലകളിലെ തിരക്ക് കുറയ്ക്കാന്‍ എന്ന വ്യാജേന വീടുകളില്‍ മദ്യമെത്തിച്ച് കുടുംബങ്ങളെകൂടി മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള നീക്കത്തില്‍ സമിതി പ്രതിഷേധിച്ചു.
കുടുംബജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കാന്‍ ഇത് കാരണമാകും. കുടുംബകലഹത്തിനും അക്രമത്തിനും കാരണമാകുന്ന നടപടിയില്‍നിന്ന് സർക്കാർ പിന്തിരിയണമെന്ന് ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ മദ്യനയത്തിലെ ഏറ്റവും നിന്ദ്യവും മനുഷ്യത്വരഹിതവുമായ ഭീകരമുഖമാണ് ഈ നീക്കത്തിലൂടെ ഒരിക്കല്‍ കൂടി മറനീക്കി പുറത്തുവരുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടി. മദ്യത്തിന്റെ ഉപയോഗവും ലഭ്യതയും പടിപടിയായി കുറച്ചു കൊണ്ടുവരുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നിരന്തരമായി ലംഘിച്ചുകൊണ്ട് മദ്യമുതലാളിത്ത താല്പര്യങ്ങളുടെ സംരക്ഷകരായി സര്‍ക്കാര്‍ അധഃപതിച്ചിരിക്കുകയാണ്.
ഓണ്‍ലൈന്‍ മദ്യവില്പനയ്ക്കെതിരെ ജനകീയ പ്രതിരോധം സൃഷ്ടിക്കുമെന്നും ജനദ്രോഹമദ്യനയത്തിനെതിരെ പോരാട്ടങ്ങള്‍ സംഘടിപ്പിക്കുമെന്നും സമിതി മുന്നറിയിപ്പ് നല്കി. രൂപതാ പ്രസിഡന്റ് ജെയിംസ് കോറമ്പേല്‍ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ.ജയിംസ് ഐക്കരമറ്റം ഉദ്ഘാടനം ചെയ്തു.
രൂപതാ ജനറല്‍ സെക്രട്ടറി ജോണി കണ്ണാടന്‍, ജോയ്സ് മുക്കുടം, ജോബി ജോസഫ്, സെബാസ്റ്റ്യന്‍ കൊച്ചടിവാരം, ജോസ് കൈതമന, ആന്റണി പുല്ലന്, ജോയി പനയ്ക്കല്‍, പോള്‍ കൊങ്ങാടന്‍, ബിജു വെട്ടിക്കുഴ, ജോയി പടയാട്ടില്‍, ജോമോള്‍ സജി, ജോര്‍ജ് കൊടിയാറ്റ്, ഷൈനി കച്ചിറ, സിജു കൊട്ടാരത്തില്‍, മാര്ട്ടിന് കീഴേമാടന്‍, ജോമോന് ജേക്കബ്, ഏണസ്റ്റ് കെ.വി, സുനില്‍ സോമന്, മോന്‍സി മങ്ങാട്ട് എന്നിവര്‍ പ്രസംഗിച്ചു.