വീണ്ടും സൈബര്‍ തട്ടിപ്പ് : തട്ടിയത് 14.43 ലക്ഷം; ഇര 65കാരൻ
1583639
Wednesday, August 13, 2025 8:33 AM IST
കൊച്ചി: കൊച്ചിയില്‍ വീണ്ടും സൈബര്‍ തട്ടിപ്പ്. വൃദ്ധനില്‍ നിന്ന് 14.43 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. എറണാകുളം ചേരാനെല്ലൂര്‍ സ്വദേശിയായ 65കാരനാണ് തട്ടിപ്പിന് ഇരയായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാള്‍ ട്രേഡിംഗിലൂടെ ലാഭം വാഗ്ദാനം ചെയ്ത് 14.43 ലക്ഷം രൂപയാണ് പരാതിക്കാരനില്‍ നിന്ന് തട്ടിയെടുത്തത്. അജ്ഞാതനായ ഇയാളെ പ്രതിചേര്‍ത്ത് ചേരാനെല്ലൂര്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്.
ഇക്കഴിഞ്ഞ് മാര്‍ച്ചിലാണ് തട്ടിപ്പിന്റെ തുടക്കം.പരാതിക്കാരന്റെ ഫേസ്ബുക്ക് സുഹൃത്തായശേഷം പ്രതി ട്രേഡിംഗിലൂടെ ലാഭവും മറ്റും വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ബാങ്ക് മുഖേനയും ഗൂഗിൾ പേ വഴിയും ഫേസ്ബുക്ക് സുഹൃത്ത് കൈമാറിയ വ്യാജ ഓണ്‍ലൈന്‍ ട്രേഡിംഗ് കമ്പനിയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചു.
ആദ്യ നിക്ഷേപത്തിന് ചെറിയ ലാഭം നല്കി. വിശ്വാസം ഇരട്ടിച്ചതോടെ 14.43 ലക്ഷം രൂപ നിക്ഷേപിക്കുകയായിരുന്നു. പിന്നീട് ലാഭമോ നിക്ഷേപമോ തിരികെ ലഭിക്കാതായതോടെ പോലീസിനെ സമീപിക്കുകയായിരുന്നു. പ്രതിയുടെ ഫേസ്ബുക്ക് ഐഡിയും മറ്റു വിവരങ്ങളും പരാതിക്കാരന് പോലീസിന് കൈമാറിയിട്ടുണ്ട്.