മനസോടിത്തിരി മണ്ണ് പദ്ധതി : 30 ലൈഫ് ഗുണഭോക്താക്കള്‍ക്ക് ഭൂമി സ്വന്തമാകുന്നു
1584053
Friday, August 15, 2025 5:04 AM IST
മൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ ‘മനസോടിത്തിരി മണ്ണ്’പദ്ധതിയിലൂടെ 30 ലൈഫ് ഗുണഭോക്താക്കള്‍ക്ക് സ്വന്തം ഭൂമി എന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു.
ഫെഡറല്‍ ബാങ്ക് ആയവന പഞ്ചായത്തിനു കൈമാറിയ ഒന്നര ഏക്കര്‍ സ്ഥലത്തിന്റെ ആധാരം വിതരണം ചെയ്യുകയും, വീട് നിര്‍മാണത്തിനുള്ള ആദ്യ ഗഡു കൈമാറുകയും ചെയ്യുന്ന ചടങ്ങ് 18ന് നടക്കും. വീടില്ലാത്ത മുഴുവന്‍ ആളുകള്‍ക്കും വീട് എന്ന സര്‍ക്കാർ നയത്തിന്റെ ഭാഗമായാണ് പദ്ധതി. കാവക്കാട് മണപ്പുഴ ഭാഗത്താണ് ഫെഡറല്‍ ബാങ്കിന്റെ സഹായത്തോടെ ഒന്നര ഏക്കര്‍ സ്ഥലം ലഭ്യമായത്.
സ്ഥലം ഇല്ലാത്തവര്‍ക്കായി ഭൂമി കണ്ടെത്തി നല്കുന്ന ഈ ഉദ്യമം സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്ത 30 കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. കൂടാതെ ഇവര്‍ക്ക് വീട് നിര്‍മാണത്തിനുള്ള ആദ്യഗഡു സഹായധനവും ഇതോടൊപ്പം കൈമാറും.
ആയവന പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ വൈകുന്നേരം മൂന്നിന് നടക്കുന്ന ചടങ്ങ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. മാത്യു കുഴല്നാടന് എംഎല്‍എ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജന് കടയക്കോട്ട്, പ്രസിഡന്റ് സറുമി അജീഷ് എന്നിവര്‍ പ്രസംഗിക്കും.