കടമക്കുടി സമഗ്ര ടൂറിസം പദ്ധതിക്ക് ഉടന്‍ അംഗീകാരം: മന്ത്രി റിയാസ്
1583778
Thursday, August 14, 2025 4:33 AM IST
കൊച്ചി: കടമക്കുടിയുടെ സമഗ്ര ടൂറിസം വികസനം സാധ്യമാക്കുന്ന പദ്ധതിയുടെ രൂപരേഖയ്ക്ക് ഈ മാസം തന്നെ ഭരണാനുമതി നല്കാന് ലക്ഷ്യമിടുന്നതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇതിന്റെ ഭാഗമായി പദ്ധതി രൂപരേഖ പരിശോധിച്ചുക്കുകയാണ്. സംസ്ഥാനത്തെ പ്രധാന ടൂറിസം പദ്ധതിയായി ഇതിനെ മാറ്റാന്‍ കഴിയും.
ജലാശയങ്ങള്‍ എല്ലാം അതുപോലെ സംരക്ഷിക്കപ്പെടണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രാദേശിക ജന വിഭാഗങ്ങളുടെയും യോജിപ്പോടെ കടമക്കുടിയെ ഡിസൈന്‍ഡ് ഡെസ്റ്റിനേഷനാക്കി മാറ്റണമെന്നും മന്ത്രി പറഞ്ഞു. കടമക്കുടി ദ്വീപ് സമൂഹത്തിന്റെ അനന്ത ടൂറിസം വികസന സാധ്യതയെ തിരിച്ചറിയാനും അത് വിപുലമായ തോതില്‍ സാക്ഷാത്കരിക്കുന്നതും ലക്ഷ്യമിട്ട് സംഘടിപ്പിച്ച -കടമക്കുടി വാലി ഓഫ് ഹെവന്‍- സെമിനാര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ആനന്ദ് മഹീന്ദ്രയെ വരെ ആകര്‍ഷിച്ച സൗന്ദര്യമാണ് കടമക്കുടിയുടെത്. അദ്ദേഹം ഇവിടേക്ക് വരാമെന്ന് വാഗ്ദാനം ചെയ്യുകയും സര്‍ക്കാര്‍ അതിനെ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്. കേരള ടൂറിസത്തെ സംബന്ധിച്ചിടത്തോളം ഇത് അംഗീകാരവും കടമക്കുടിക്ക് വലിയൊരു പരസ്യവുമാണ്. വരുന്നവരെ ഉള്‍ക്കൊള്ളാന്‍ സാധിക്കണം.
നല്ല സൗകര്യങ്ങള്‍ ഒരുക്കുന്നതിനോടൊപ്പം വൃത്തിയായി സൂക്ഷിക്കുകയും വേണം. എങ്കില്‍ മാത്രമേ വരും നാളുകളിലും സഞ്ചാരികള്‍ എത്തുകയുള്ളൂ. ചെറിയ കടകള്‍ മുതല്‍ എല്ലാ വികസനവും ഡിസൈന്‍ഡ് ആയിരിക്കണം.
സഞ്ചാരികളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും പുതിയ റിക്കാര്‍ഡ് നേടി കേരളത്തിലെ ടൂറിസം മേഖല വലിയ മുന്നേറ്റത്തിലൂടെയാണ് കടന്നുപോകുന്നത്. കടമക്കുടിയും ഈ മുന്നേറ്റത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. കോതാട് നിഹാര റിസോര്‍ട്ടില്‍ നടന്ന സെമിനാറില്‍ കെ.എന്‍. ഉണ്ണികൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
കടമക്കുടിയുടെ ടൂറിസം വികസന സാധ്യതകളെ പരിചയപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച സെമിനാറില്‍ ഉരുത്തിരിയുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് കടമക്കുടിക്ക് സമഗ്രമായ ടൂറിസം പദ്ധതി തയ്യാറാക്കുമെന്ന് എംഎല്‍എ പറഞ്ഞു. സെമിനാറിലും തുടര്‍ ചര്‍ച്ചയിലും ടൂറിസം രംഗത്തെ വിദഗ്ധരും, ജനപ്രതിനിധികളും, പ്രാദേശിക സംരംഭകരും, നാട്ടുകാരും പങ്കെടുത്തു.
യോഗം 25ന്
കടമക്കുടിയുടെ ടൂറിസം സാധ്യതകള്‍ പരിശോധിക്കുന്നതിനായി 25ന് റവന്യൂ വകുപ്പിന്റെ സഹകരണത്തോടെ ഭൂവുടമകള്‍, റിസോര്‍ട്ട്, ഹോംസ്റ്റേ ഉടമകള്‍, വാട്ടര്‍ ആക്ടിവിറ്റിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നര്‍ എന്നിവരുടെ യോഗം വിളിച്ച് ചേര്‍ക്കും.