ആലങ്ങാട് കോട്ടപ്പുറം മേഖലയിൽ മോഷ്ടാക്കൾ വിലസുന്നു
1584038
Friday, August 15, 2025 4:51 AM IST
ആലങ്ങാട്: ആലങ്ങാട് കോട്ടപ്പുറം മേഖലയിൽ മോഷ്ടാക്കൾ വിലസുന്നു. കഴിഞ്ഞ ദിവസം രാത്രി കോട്ടപ്പുറം പെട്രോൾ പമ്പിനു സമീപത്തെ ടൈൽ ഗോഡൗൺ കുത്തിത്തുറന്നു എയർ കണ്ടീഷനർ, ലാഡർ, ഇരുമ്പു സാമഗ്രികൾ എന്നിവ കവർന്നു. ഒരിടവേളയ്ക്കു ശേഷം കോട്ടപ്പുറം മേഖല കേന്ദ്രീകരിച്ചു വീണ്ടും മോഷ്ടാക്കൾ എത്തിയതോടെ നാട്ടുകാർ ഭീതിയിയാണ്.
കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ കോട്ടപ്പുറം ഭാഗത്തെ വീടുകളുടെ മതിലുകളിൽ സ്ഥാപിച്ചിരുന്ന പിച്ചളയിൽ തീർത്ത നെയിം ബോർഡുകൾ വ്യാപകമായി കവർന്നിരുന്നു. സമീപത്തെ മുസ്ലിം പള്ളിയിലെ ഭണ്ഡാരം രണ്ടു തവണ കുത്തിപ്പൊളിക്കുകയും വഴിയരികിൽ നിർത്തിയിട്ട വാഹനങ്ങളും ബാറ്ററികളും കവർന്ന സംഭവവും ഉണ്ടായിരുന്നു. വീണ്ടും ഇതേ പ്രദേശത്തു തന്നെയാണ് മോഷണം നടന്നിരിക്കുന്നത്.
മോഷണം നടന്ന സ്ഥലത്തു പോലീസ് പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംശയം തോന്നിയ ഒരാളെ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു.പോലീസിന്റെ കൃത്യമായ ഇടപെടൽ ഇല്ലാത്തതാണ് കോട്ടപ്പുറം, മാളികംപീടിക എന്നീ മേഖലയിൽ മോഷ്ടാക്കൾ വിലസുന്നത്.
മോഷ്ടാക്കളുടെയും ലഹരിസംഘങ്ങളുടെയും ആക്രമണം കൂടിവരുന്ന സാഹചര്യത്തിൽ രാത്രി കാലങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.