വാഹനങ്ങൾ കൂട്ടിയിടിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
1596712
Saturday, October 4, 2025 3:44 AM IST
മരട്: മരടിൽ വാഹനങ്ങളുടെ കൂട്ടയിടി. നിയന്ത്രണംവിട്ട കാർ അഞ്ച് ഇരുചക്ര വാഹനങ്ങളിലും ഒരു പിക്ക് അപ്പ്, ഓട്ടോ, കാർ എന്നിവയിലുമാണ് ഇടിച്ചത്. ഇന്നലെ വൈകിട്ട് 6.15 ഓടെ മരട് കൊട്ടാരം ജംഗ്ഷൻ കഴിഞ്ഞ് പാണ്ഡവത്ത് ക്ഷേത്രം വരെയുള്ള ഭാഗത്താണ് കാർ അപകടമുണ്ടാക്കിയത്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുണ്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന യുവതി ഓടിച്ച കാർ ആദ്യം ഒരു ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു. പിന്നീട് നിയന്ത്രണം വിട്ട കാർ നാല് ഇരുചക്ര വാഹനങ്ങളിലും ഒരു ഓട്ടോയിലുമിടിച്ചു. പിന്നാലെ മറ്റൊരു കാറിൽ ഇടിച്ചതിനെ തുടർന്ന് ഇടിയേറ്റ കാർ വട്ടം തിരിഞ്ഞ് പിക് അപ്പ് വാഹനത്തിലുമിടിച്ചു. അപകടമുണ്ടാക്കിയ കാർ സമീപത്തെ മതിലിലിടിച്ചാണ് നിന്നത്.
കാർ ആദ്യം ഇടിച്ച ബുള്ളറ്റ് യാത്രികൻ മരട് സ്വദേശി ഭാഗ്യനാഥ് (54)നെ ആദ്യം പിഎസ് മിഷൻ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. അപകടങ്ങളിൽ ഒരു കാൽനടയാത്രക്കാരനും പരിക്കേറ്റിരുന്നു. മറ്റ് വാഹന യാത്രക്കാർക്കാർക്കും കാര്യമായ പരിക്കില്ല. അപകടങ്ങളെ തുടർന്ന് ഈ റോഡിൽ ഇരുഭാഗത്തും രൂക്ഷമായ ഗതാഗത കുരുക്കുണ്ടായി.