പൊതുകിണർ തിരിച്ചുപിടിച്ചു
1596720
Saturday, October 4, 2025 3:44 AM IST
ആലുവ: പൊതു കിണർ ഭാഗികമായി അടച്ച് വീട്ടിലേക്ക് വഴിയൊരുക്കിയത് കീഴ്മാട് പഞ്ചായത്ത് തിരിച്ചു പിടിച്ചു. കൈയേറ്റം ഒഴിയാൻ നൽകിയ നോട്ടീസിനെതിരെ കെട്ടിട ഉടമ ഓംബുഡ്സ്മാനെ സമീപിച്ചെങ്കിലും ഹർജി തള്ളിയതോടെയാണ് പൊതുകിണർ തിരികെ പിടിയ്ക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്. കിണറിനു മുകളിൽ സ്വകാര്യ വ്യക്തി നടത്തിയ കോൺക്രീറ്റ് ഇന്നലെ ജെസിബി സഹായത്താൽ പൊളിച്ചു കളഞ്ഞു.
കീഴ്മാട് ഗ്രാമപഞ്ചായത്ത് 19-ാം വാർഡിൽ എടയപ്പുറം റേഷൻകട കവലയ്ക്ക് സമീപമാണ് രണ്ടു വർഷത്തോളമായി സ്വകാര്യ വ്യക്തി പൊതുകിണർ കൈവശപ്പെടുത്തിയിരുന്നത്. കിണറിനോട് ചേർന്നുള്ള സ്ഥലമുടമ മാനാടത്ത് ഷാഹിദ അബ്ദുൾ ലത്തീഫ് കെട്ടിടം നിർമിക്കുന്നതിനായുള്ള സാധനസാമഗ്രികൾ കൂട്ടിയിട്ടിരിക്കുകയായിരുന്നു.
എന്നാൽ കെട്ടിടം പൂർത്തിയാക്കി കെട്ടിട നമ്പർ വാങ്ങിയ ഉടമ കിണറിന്റെ തുറന്നഭാഗം ഭാഗികമായി കോൺക്രീറ്റ് ചെയ്ത് പുതിയ കെട്ടിടത്തിന്റെ മുകൾനിലയിലേക്ക് വഴിയൊരുക്കി. ഇത് തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് ഇപ്പോൾ വിജയിച്ചിരിക്കുന്നത്.