ഉപേക്ഷിച്ച കണ്ണാടിച്ചില്ലുകളിൽ വിസ്മയക്കാഴ്ചയായി ഗാന്ധി
1596730
Saturday, October 4, 2025 3:57 AM IST
കൊച്ചി: ഉപേക്ഷിക്കപ്പെട്ട കണ്ണാടിച്ചില്ലുകളിൽ കലയും കരവിരുതും സമന്വയിച്ചപ്പോൾ പിറന്നത് വ്യത്യസ്തമായൊരു ഗാന്ധിശില്പം. "ഗാന്ധി - റിഫ്ളക്ഷൻസ് ഇൻ റീക്ലെയിംഡ് ഗ്ലാസ്' എന്ന് പേരിട്ട കലാസൃഷ്ടി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളാണ് ഒരുക്കിയത്. ഊന്നുവടിയുമായി നടന്നുനീങ്ങുന്ന ഗാന്ധിജിയുടെ രൂപമാണു പാഴ്ക്കണ്ണാടിച്ചില്ലുകളും മൾട്ടിവുഡും ഉപയോഗിച്ച് വിദ്യാർഥികൾ നിർമിച്ചത്.
ശില്പത്തിൽ തട്ടുന്ന ഓരോ പ്രകാശ കിരണവും അഹിംസയുടെയും സത്യാന്വേഷണത്തിന്റെയും കാലാതീതമായ ഗാന്ധിയൻ പ്രസക്തി ഓർമിപ്പിക്കുന്നുവെന്നു വിദ്യാർഥികൾ പറഞ്ഞു. പാഴ്വസ്തുക്കൾക്ക് പുതിയ രൂപവും ഭാവവും നൽകുന്നതിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും ഈ നിർമിതി വിളിച്ചോതുന്നതായും അവർ വ്യക്തമാക്കി.
ജെയിൻ സർവകലാശാലയിലെ സ്കൂൾ ഓഫ് ഡിസൈൻ, മീഡിയ ആൻഡ് ക്രിയേറ്റീവ് ആർട്സിലെ വിദ്യാർഥികളാണ് ശില്പത്തിന് രൂപം നൽകിയത്. തൃക്കാക്കര മുനിസിപ്പൽ പാർക്കിന് സമീപം സ്ഥാപിച്ച ശില്പം ഉമാ തോമസ് എംഎൽഎ അനാച്ഛാദനം ചെയ്തു. ജെയിൻ യൂണിവേഴ്സിറ്റിയുടെ ഫ്യൂച്ചർ കേരള മിഷന്റെ ഭാഗമായാണ് ശില്പം നിർമിച്ചത്.
മിഷൻ ചെയർമാൻ വേണു രാജാമണി, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനീഷ്യേറ്റീവ്സ് ഡയറക്ടർ ടോം ജോസഫ്, പ്രോ വൈസ് ചാൻസലർ ഡോ. ജെ. ലത, നഗരസഭാ ചെയർപേഴ്സൺ രാധാമണിപിള്ള, വാർഡ് കൗൺസിലർ വി.ഡി. സുരേഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
photo:
തൃക്കാക്കര മുനിസിപ്പൽ പാർക്കിന് സമീപം സ്ഥാപിച്ച "ഗാന്ധി - റിഫ്ളക്ഷൻസ് ഇൻ റീക്ലെയിംഡ് ഗ്ലാസ്' എന്ന കലാസൃഷ്ടി ഉമാ തോമസ് എംഎൽഎ അനാച്ഛാദനം ചെയ്തപ്പോൾ