തെരഞ്ഞെടുപ്പ് കമ്മീഷന് ഇരട്ട വോട്ടുകൾ സംരക്ഷിക്കുന്നു: മുഹമ്മദ് ഷിയാസ്
1596739
Saturday, October 4, 2025 4:09 AM IST
കൊച്ചി: ഇരട്ട വോട്ടുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന് നീക്കം അവസാനിപ്പിക്കണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, വോട്ടര്‍ പട്ടിക ശുദ്ധീകരിക്കാന്‍ യാതൊരു ശ്രമവും നടത്താതെ ഇരട്ട വോട്ടുകളെ സംരക്ഷിക്കാനുള്ള നയമാണ് കമ്മീഷന് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു വോട്ടര്‍ക്ക് വിവിധ തദ്ദേശ സ്ഥാപനങ്ങളിലോ, അതേ തദ്ദേശസ്ഥാപനത്തിലെ വിവിധ വാര്‍ഡുകളിലോ വോട്ടര്‍പട്ടികയില്‍ പേര് നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന രീതിയിലാണ് വോട്ടര്‍ പട്ടിക ഓണ്‍ലൈന്‍ ആയി പരിശോധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് സഹായകമാകുന്ന തരത്തിലാണ് വോട്ടര്‍ ഐഡി നമ്പര്‍ വെബ്സൈറ്റുകളില്‍ നിന്ന് നീക്കം ചെയ്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് സഹായിക്കുന്നത്. ഈ നടപടി പിന്‍വലിക്കണമെന്ന് ഷിയാസ് ആവശ്യപ്പെട്ടു.
തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുകളില്‍ വളരെ ചെറിയ മാര്‍ജിനില്‍ ആണ് സാധാരണ വിജയം നിശ്ചയിക്കാറുള്ളത്. ഇത്തരം വിജയങ്ങള്‍ ഭരണത്തിന് നിര്‍ണായകവും ആകാറുണ്ട്. ഇക്കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കിയാണ് ഭരണകക്ഷിയുടെ ചട്ടുകമായി ഇരട്ട വോട്ടുകള്‍ക്ക് കമ്മീഷന് സംരക്ഷണം ഒരുക്കുന്നത്.
ഈ നീക്കത്തോടെ വോട്ടറുടെ ഒന്നിലധികം വരുന്ന വോട്ടുകള്‍ പരിശോധിക്കാനാകാത്ത സാഹചര്യമാണ്. ഇത് തദ്ദേശ തെരഞ്ഞെടുപ്പിനെ ഗുരുതരമായി ബാധിക്കുമെന്നും തീരുമാനം എത്രയും വേഗം പുനപരിശോധിക്കണമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.