ഡയാലിസിസിന് മുമ്പ് ആരോഗ്യ സംരക്ഷണ ബോധവത്കരണം അനിവാര്യം: സ്പീക്കർ
1596728
Saturday, October 4, 2025 3:57 AM IST
വാഴക്കുളം: ഡയാലിസിസ് സംവിധാനത്തിലേക്കെത്തുന്നതിനു മുമ്പ് ജീവിത ശൈലീ രോഗങ്ങളിൽനിന്ന് മോചനം പ്രാപിക്കാൻ ആരോഗ്യ സംരക്ഷണ ബോധവത്കരണം അനിവാര്യമാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ. വാഴക്കുളം ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സെന്റ് ജോര്‍ജ് ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ.
വാക്കിംഗ് ക്ലബ്, കായിക വിനോദങ്ങൾ, ജിം തുടങ്ങിയവയിലൂടെ ആരോഗ്യ സംരക്ഷണത്തിന് മുൻകൈയെടുക്കണമെന്നും സൗജന്യ ഡയാലിസിസ് സെന്ററിനായി എല്ലാവരും മാസം തോറും നേർച്ച പോലെ തുക നൽകി പ്രസ്ഥാനം നിലനിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. വൃക്കരോഗികൾ കൂടി വരുന്ന കാലഘട്ടത്തിൽ ഇത്തരമൊരു ചിന്താഗതി വാഴക്കുളത്തിന് ഉണ്ടായത് അഭിലഷണീയമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ ആശുപത്രികളോടനുബന്ധിച്ച് ഇത്തരം സൗകര്യങ്ങൾ നൽകാറില്ല. വാഴക്കുളം സെന്റ് ജോർജ് ആശുപത്രി ഇക്കാര്യത്തിൽ നല്ല മാതൃകയായെന്നും വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു.
വ്യാപാരി വ്യവസായി ഏകോപന സമിതി വർക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യേത്ത് ഡയാലിസിസ് ക്ലബ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്മാന് സിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എംപി, മാത്യു കുഴല്നാടന് എംഎല്‍എ, വികാരി ജനറാള്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍, സെന്റ് ജോര്‍ജ് ആശുപത്രി ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്, വൈസ് പ്രസിഡന്റ് ജോസി ജോളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചാരിറ്റബിൾ ട്രസ്റ്റിന്റെ ധനശേഖരണാർഥം രൂപീകരിച്ച ഡയാലിസിസ് ക്ലബിന്റെ പ്രചരണത്തിനായി വാഴക്കുളം കല്ലൂർക്കാട് കവലയിൽനിന്ന് ആശുപത്രി അങ്കണത്തിലേയ്ക്ക് വാക്കത്തോൺ നടത്തി.