കൂത്താട്ടുകുളം-പാലാ റോഡ് 13ന് ഗതാഗതത്തിനായി തുറക്കും
1596726
Saturday, October 4, 2025 3:57 AM IST
കൂത്താട്ടുകുളം: കാലാവസ്ഥ അനുകൂലമെങ്കിൽ അറ്റകുറ്റപ്പണികൾ പൂത്തിയാക്കി കൂത്താട്ടുകുളം-പാലാ റോഡ് ഈ മാസം 13ന് ഗതാഗതത്തിന് തുറന്നു നൽകുമെന്ന് പിഡബ്ല്യുഡി അധികൃതർ അറിയിച്ചു. റോഡിൽ ടൈൽ വിരിക്കുന്ന ജോലികളുടെ പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്. രാമപുരം കവല മുതൽ മാരുതി കവല വരെയുള്ള ഭാഗത്താണ് റോഡിൽ അറ്റകുറ്റപ്പണികൾ നടന്നുവരുന്നത്.
കുഴികൾ രൂപപ്പെട്ട സ്ഥലങ്ങളിലെ ബിഎം ലെയർ ടാറിംഗ് ജെസിബിയുടെ സഹായത്തോടെ ഇളക്കിമാറ്റുകയും ഈ മിശ്രിതം റോളറിന്റെ സഹായത്തോടെ ഈ ഭാഗങ്ങളിൽ തന്നെ പുനർ ക്രമീകരിക്കുകയും ഇതിനു മുകളിൽ റീ സോളിംഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ ഭാഗങ്ങളിൽ വരുംദിവസങ്ങളിൽ ടൈൽ വിരിച്ച് റോഡ് യാത്ര യോഗ്യമാക്കും.
രാമപുരം കവല മുതൽ മാരുതി കവല വരെയുള്ള റോഡിൽ നാല് സ്ഥലങ്ങളിലാണ് ടൈൽ വിരിക്കുന്നത്. കൂത്താട്ടുകുളം ടൗണിൽനിന്നും പാലാ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും എൻഎസ്എസ് കെട്ടിടത്തിന് സമീപവും മാരുതി കവലയ്ക്ക് സമീപം രണ്ട് സ്ഥലങ്ങളിലും ആണ് ടൈൽ വിരിക്കുക.
ഈ റോഡിൽ മംഗലത്തുതാഴത്ത് കലുങ്കിന്റെ നിർമാണം നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുകയാണ്. കലുങ്ക് നിർമാണം പൂർത്തിയായി ഗതാഗതത്തിന് തുറന്നു നൽകാൻ സജ്ജമായിരിക്കുകയാണ്.