കുടുംബങ്ങള്‍ പ്രാർഥനയുടെയും കൂട്ടായ്മയുടെയും ഇടങ്ങളാകണം: മാര്‍ ജോർജ് മഠത്തിക്കണ്ടത്തില്‍
1596724
Saturday, October 4, 2025 3:57 AM IST
മൂവാറ്റുപുഴ: കുടുംബങ്ങള്‍ സഭയുടെ അടിസ്ഥാന ചാലകശക്തിയാകുന്നത് പ്രാര്‍ഥനയുടെയും സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും ഇടങ്ങളായി മാറുമ്പോഴാണെന്ന് ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ നടന്ന കോതമംഗലം രൂപതയിലെ ജൂബിലേറിയൻ ദമ്പതീസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിശ്വാസം, വിശുദ്ധ ഗ്രന്ഥം, വിശുദ്ധ കുര്‍ബാന തുടങ്ങിയ അടിസ്ഥാനങ്ങളിലായിരിക്കണം കുടുംബങ്ങളെ വാര്‍ത്തെടുക്കേണ്ടത്. വിധേയത്വം ഒരു അടിമത്തമല്ല, ക്രിസ്തുവിനോടുള്ള ബഹുമാനത്തിന്റെ അടയാളമാണെന്നും ബിഷപ് പറഞ്ഞു.
ഫാമിലി അപ്പോസ്തലേറ്റ് രൂപതാ പ്രസിഡന്റ് ഡിഗോള്‍ കെ. ജോര്‍ജ് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ റവ. ഡോ. ആന്റണി പുത്തന്‍കുളം ആമുഖ സന്ദേശം നല്കി. സീറോ മലബാര്‍ പ്രൊ-ലൈഫ് കമ്മീഷന് സെക്രട്ടറി ജോയ്സ് മുക്കുടം, ഫാമിലി അപ്പോസ്തലേറ്റ് രൂപത ട്രഷറര്‍ ലോറന്‍സ് ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. വികാരി ജനറാള്‍ മോണ്‍. വിന്‍സെന്റ് നെടുങ്ങാട്ട് കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കി.
വിവാഹത്തിന്റെ സുവര്‍ണ, രജത ജൂബിലി ആഘോഷിക്കുന്ന 650 ഓളം ദമ്പതികളാണ് സംഗമത്തില്‍ പങ്കെടുത്തത്. ഫാമിലി അപ്പോസ്തലേറ്റ്, മാതൃവേദി, പിതൃവേദി, യുദിത് നവോമി, പ്രൊ-ലൈഫ് സംഘടനകളുടെ രൂപത, ഫൊറോന ഭാരവാഹികള്‍ നേതൃത്വം നല്കി.