സി.കെ. ഗോപാലകൃഷ്ണന്റെ ഭാര്യക്കെതിരായ സൈബർ ആക്രമണം: യുഡിഎഫ് സമരത്തിന്
1596734
Saturday, October 4, 2025 4:09 AM IST
പറവൂർ: സൈബർ ആക്രമണത്തിനെതിരെ പ്രാദേശിക കോൺഗ്രസ് നേതാവ് സി.കെ. ഗോപാലകൃഷ്ണന്റെ ഭാര്യ ഷേർളി നൽകിയ പരാതി അന്വേഷിച്ച് നടപടി സ്വീകരിക്കാൻ തയാറാകാത്ത പോലീസിന്റെ നടപടിയിൽ യുഡിഎഫ് പറവൂർ നിയോജക മണ്ഡലം യോഗം പ്രതിഷേധം രേഖപ്പെടുത്തി.
സിപിഎം നേതാവ് കെ.ജെ.ഷൈനിനെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട സി.കെ. ഗോപാലകൃഷ്ണനെതിരെ പോലീസ് നടപടി ഉണ്ടായതിനു ശേഷമാണ് ഷേർളിക്കെതിരെ കടുത്ത സൈബർ ആക്രമണം സിപിഎം സൈബർ ഗ്രൂപ്പിൽ നിന്നുണ്ടായത്.
ഇതിനെതിരെ പരാതിപ്പെട്ടെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിക്കാൻ പോലീസ് തയാറായില്ല. ഷേർളിയെ പിന്തുണച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയിരുന്നു.
പോലീസ് അനാസ്ഥയിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾക്ക് തയാറെടുക്കുകയാണ് യുഡിഎഫ് നേതൃത്വം. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഘടകകക്ഷികൾക്കല്ലാതെ മറ്റാർക്കും അഡ്ജസ്റ്റ്മെന്റ് എന്ന നിലയിൽ സീറ്റുകൾ നൽകരുതെന്ന് യോഗത്തിൽ പങ്കെടുത്ത ചില പ്രതിനിധികൾ ആവശ്യപ്പെട്ടു.
യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ പി.എസ്. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. മുൻ എം പി കെ.പി ധനപാലൻ ഉദ്ഘാടനം ചെയ്തു.