കന്നി 20 പെരുന്നാൾ : ചരിത്ര സ്മരണകൾ ഉണർത്തി ചക്കാലക്കുടി ചാപ്പൽ പ്രദക്ഷിണം
1596729
Saturday, October 4, 2025 3:57 AM IST
കോതമംഗലം: മാർത്തോമ്മാ ചെറിയപള്ളിയിലെ കന്നി 20 പെരുന്നാളിന് ചരിത്ര സ്മരണകൾ ഉണർത്തി ചക്കാലക്കുടി ചാപ്പലിലേക്ക് ഭക്തി നിർഭരമായ പ്രദക്ഷിണം. 340 വര്‍ഷം മുമ്പ് പരിശുദ്ധ യെല്‍ദോ മാര്‍ ബസേലിയോസ് ബാവ കോതമംഗലത്ത് ആദ്യമെത്തിയത് കോഴിപ്പിള്ളിയിലാണ്. അവിടെ പരിശുദ്ധ ബാവ വിശ്രമിക്കുകയും അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്ത സ്ഥലത്ത് നിര്‍മിച്ച ചാപ്പലിലേക്കായിരുന്നു ഇന്നലെ പ്രദക്ഷിണം.
ചക്കാലനായര്‍ യുവാവിന്റെ സഹായത്തോടെ പരിശുദ്ധ ബാവ ചെറിയപള്ളിയിലേക്ക് നടന്നെത്തിയതിന്റെ അനുസ്മരണമാണ് കന്നി ഇരുപതിലെ ചരിത്രപ്രസിദ്ധമായ പ്രദക്ഷിണം. പരിശുദ്ധ ബാവയ്ക്ക് വഴി കാണിച്ചു നല്കിയ ചക്കാലനായര്‍ യുവാവിന്റെ പിന്തലമുറക്കാരായ പുതീക്കല്‍ കുടുംബത്തിലെ അംഗം പ്രദക്ഷിണത്തില്‍ വിളക്കേന്തുന്നതും പാരമ്പര്യ ചടങ്ങാണ്.
വര്‍ഷങ്ങളായി ഈ ദൗത്യം നിറവേറ്റുന്ന സുരേഷ് തന്നെയാണ് ഇത്തവണയും പ്രദക്ഷിണ വഴിയിൽ തൂക്കുവിളക്കേന്തിയത്. കന്നി 20 പെരുന്നാളിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണ് ചക്കാലക്കുടി ചാപ്പല്‍ പ്രദക്ഷിണം. ആയിരക്കണക്കിന് വിശ്വാസികളാണ് പ്രദക്ഷിണത്തില്‍ പങ്കുകൊണ്ടത്.
ചെറിയപള്ളിയില്നിന്നും പുറപ്പെട്ട പ്രദക്ഷിണം ചക്കാലക്കുടി ചാപ്പല്‍ ചുറ്റി തിരികെ പള്ളിയില്‍ സമാപിച്ചു. മണിക്കൂറുകളെടുത്താണ് പ്രദക്ഷിണം പൂര്‍ത്തീകരിച്ചത്. വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി, സഹവികാരിമാരായ ഫാ. സാജു ജോര്‍ജ്, ഫാ. എല്‍ദോസ് ചെങ്ങമനാട്ട്, ഫാ. അമല്‍ കുഴികണ്ടത്തില്‍, ഫാ. നിയോണ്‍ പൗലോസ്, ഫാ. സിച്ചു രാജു, തന്നാണ്ട് ട്രസ്റ്റിമാരായ കെ.കെ. ജോസഫ്, എബി ചേലാട്ട്, തുടങ്ങിയവരും മറ്റ് മാനേജിംഗ് കമ്മറ്റി അംഗങ്ങളും ഭക്തസംഘടനാ ഭാരവാഹികളും പ്രദക്ഷിണത്തിന് നേതൃത്വം നല്കി.
കന്നി 20 പെരുന്നാളിന് ഇന്ന് കൊടിയിറങ്ങും
പത്ത് ദിവസം നീണ്ടുനിന്ന കന്നി 20 പെരുന്നാളിന് ഇന്ന് കൊടിയിറങ്ങും. വൈകുന്നേരം നാലിനാണ് കൊടിയിറക്ക്. ഇന്ന് രാവിലെ എട്ടിന് ഏലിയാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല് കുര്‍ബാനയും തുടര്‍ന്ന് പാച്ചോര്‍ നേര്‍ച്ചയും. രാവിലെ 10ന് ഗജവീരന്മാര് കബര്‍ വണങ്ങാനെത്തും. ഇന്നലെയും വലിയ ഭക്തനത്തിരക്കാണ് പള്ളിയില്‍ അനുഭവപ്പെട്ടത്.