ഇടക്കൊച്ചിയിൽ അഗ്നിബാധ : വീട് പൂർണമായും കത്തിനശിച്ചു
1596732
Saturday, October 4, 2025 4:09 AM IST
പള്ളുരുത്തി: ഇടക്കൊച്ചിയിൽ വീടിന് തീപിടിച്ചു. ആളപായമില്ല. ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. പനച്ചിത്തറ വീട്ടിൽ പ്രതാപന്റെയും സിന്ധുവിന്റെയും കുടുംബങ്ങൾ ഒരുമിച്ച് താമസിച്ചിരുന്ന വീടാണ് പൂർണമായും കത്തിനശിച്ചത്.
തീപിടിച്ച മുറി പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇവിടെ നിന്നാണ് തീ ആദ്യം ഉയർന്നത്. ഈ സമയം തൊട്ടടുത്ത മുറിയിലുള്ളവർ ജോലിക്ക് പോയിരിക്കുകയായിരുന്നു. നാട്ടുകാർ വെള്ളം ഒഴിച്ചു തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ആർക്കും സമീപ ത്തേക്ക്് എത്താനാകാത്ത വിധം തീ ആളിപ്പടരുകയായിരുന്നു.
കൗൺസിലർ അഭിലാഷ് തോപ്പിൽ അറിയിച്ചതിനെ തുടർന്ന് മട്ടാഞ്ചേരി, അരൂർ എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്. ഓടിട്ട വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു.
വീട്ടിലുണ്ടായിരുന്ന എസി, ടിവി, സ്കൂൾ സർട്ടിഫിക്കറ്റ്, അലമാര ഉൾപ്പെടെ സകലതും തീയിൽ ചാമ്പലായി. കത്തിയ അലമാരിയിൽ വച്ചിരുന്ന ഒരു പവൻ സ്വർണം, ലോൺ അടയ്ക്കാൻ വച്ചിരുന്ന പണം എന്നിവയും കത്തിനശിച്ചതായി വീട്ടുടമ സിന്ധു പറഞ്ഞു.
അരൂർ ഫയർസ്റ്റേഷനിൽ നിന്നുള്ള സ്റ്റേഷൻ ഓഫീസർ പി.എ. ലിഷാദ്, എസ്എഫ്ആർഒ വി.എസ്. സനീഷ് എന്നിവരുടെ നേതൃത്വത്തിൽ രണ്ട് യൂണിറ്റും മട്ടാഞ്ചേരി ഫയർ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഇൻ ചാർജ് പി. ബി. സുഭാഷിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ എം. മനോജ് , എം. മനു,
കെ.എസ്. സജിത്ത്, സന്ദീപ് മോഹൻ, വി.പി. അനൂപ് , സലിംകുമാർ, പി. ടി. രാജീവ് ഒരു യൂണിറ്റും സംഭവ സ്ഥലത്തെത്തി തീയണയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സംഭവം അറിയിച്ചതിനെ തുടർന്ന് ഇടക്കൊച്ചി വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.