ട്രെയിനിനു നേരെ കല്ലേറ്; പ്ലസ് വൺ വിദ്യാർഥികൾ കുടുങ്ങി
1596733
Saturday, October 4, 2025 4:09 AM IST
കൊച്ചി : ഇടപ്പള്ളി - കളമശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ട്രെയിനിനു നേരെ കല്ലെറിഞ്ഞ പ്രായപൂർത്തിയാകാത്ത രണ്ടു പേർ അറസ്റ്റിലായി. ഇരുവരും പ്ലസ് വൺ വിദ്യാർഥികളാണ്. കഴിഞ്ഞ 25നായിരുന്നു സംഭവം. കല്ലേറിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് എറണാകുളം റെയിൽവേ പോലീസ് കേസ് എടുത്തിരുന്നു.
കളമശേരിയിലും പരിസരങ്ങളിലുമുള്ള നിരവധി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് എറണാകുളം റെയിൽവേ ഡിവൈഎസ്പി ജോർജ് ജോസഫിന്റെ മേൽനോട്ടത്തിൽ എറണാകുളം റെയിൽവേ പോലീസ് എസ്എച്ച്ഒ എ. നിസാറുദ്ദീനും ഡാൻസാഫ്, ഇന്റലിജൻസ് ടീമും നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
10 വർഷം വരെ തടവിന് ശിക്ഷിക്കാവുന്ന ഗുരുതര കുറ്റകൃത്യത്തിൽ ഏർപ്പെട്ട കുട്ടികളെ എറണാകുളം ജൂവനൈൽ ജസ്റ്റീസ് ബോർഡ് മുന്പാകെ മാതാപിതാക്കളോടൊപ്പം ഹാജരാക്കി. ജെജെ ബോർഡ് കുട്ടികളെ 15 ദിവസത്തേക്ക് കാക്കനാട് ഒബ്സെർവേഷൻ ഹോമിലേക്ക് മാറ്റി.