നിറപ്പകിട്ടിൽ കോഴാ ഫാം ഫെസ്റ്റിനു തുടക്കം
1595199
Sunday, September 28, 2025 2:58 AM IST
കുറവിലങ്ങാട്: വരുമാന വർധന ലഭിക്കുന്ന കൃഷിരീതികളിലേക്കു കർഷകർ തിരിയണമെന്നും ഇതിനു കാർഷികവകുപ്പ് ഉദ്യോഗസ്ഥർ പിന്തുണ നൽകണമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കാർഷിക വികസന- കർഷക ക്ഷേമ വകുപ്പും ജില്ലാ പഞ്ചായത്തും ചേർന്നു നടത്തുന്ന കോഴാ ഫാം ഫെസ്റ്റ് "ഹരിതാരവം 2കെ25' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കാർഷിക മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളിലൂടെ ആഭ്യന്തര ഉത്പാദനം 5.5 ലക്ഷം ടണ്ണിൽനിന്ന് 17.5 ലക്ഷം ടണ്ണായി ഉയർന്നു. പ്രവാസികളുടെ തരിശുഭൂമിയിൽ കൃഷിയിറക്കാൻ സഹകരണവകുപ്പ് ആരംഭിച്ച പദ്ധതി വൻ വിജയമാണ്. പദ്ധതി നടപ്പാക്കിയ പത്തനംതിട്ടയിൽ ആദ്യ വർഷത്തിൽത്തന്നെ 3.5 കോടി രൂപ ലാഭമുണ്ടാക്കാനായെന്നും മന്ത്രി പറഞ്ഞു.
മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. കെ. ഫ്രാൻസിസ് ജോർജ് എംപി., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ തോമസ് കൊട്ടുകാപ്പള്ളി, പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി മത്തായി, ന്യൂജന്റ് ജോസഫ്, മത്തായി മാത്യു, അംബിക സുകുമാരൻ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ജില്ലാ പഞ്ചായത്തംഗങ്ങളായ മഞ്ജു സുജിത്, പി. എം. മാത്യു, ഹൈമി ബോബി, രാജേഷ് വാളിപ്ലാക്കൽ, ജോസ്മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആശാമോൾ ജോബി, പി.എൻ. രാമചന്ദ്രൻ, കൊച്ചുറാണി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, പ്രിൻസിപ്പൽ കൃഷി ഓഫീസർ സി. ജോ ജോസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജി.വി. റെജി എന്നിവർ പ്രസംഗിച്ചു.
മത്സരങ്ങൾ
കാർഷിക പ്രദർശനങ്ങളുടെ ജില്ലാ കൃഷിത്തോട്ടത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ നിർവഹിച്ചു. കപ്പപൊളിക്കൽ, കാർഷിക പ്രശ്നോത്തരി, പാചകം എന്നീ ഇനങ്ങളിൽ മത്സരങ്ങളും രുചിക്കൂട്ട് സംഗമവും നടന്നു. കുറവിലങ്ങാട് പള്ളിക്കവലയിൽനിന്ന് ആരംഭിച്ച ഘോഷയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഫ്ളാഗ് ഓഫ് ചെയ്തു. മേള 30ന് സമാപിക്കും.
ഫാം ഫെസ്റ്റിൽ ഇന്ന്
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയത്തിൽ രണ്ടിന് ഫാം തൊഴിലാളി - ഫാം ഓഫീസർ സൗഹൃദ സംഗമം ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും. സി.കെ. ആശ എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ മുഖ്യപ്രഭാഷണം നടത്തും.