പരിശോധന കര്‍ശനമാക്കി ; നിരോധിത മാർഗത്തിലൂടെയുള്ള മത്സ്യബന്ധനത്തിനെതിരേ നടപടി
1595819
Tuesday, September 30, 2025 12:16 AM IST
കോട്ടയം: അനധികൃത മത്സ്യബന്ധനത്തിനെതിരേ ജില്ലയില്‍ ഫിഷറീസ് വകുപ്പ് പരിശോധനയും നടപടിയും വ്യാപകമാക്കി.
വേമ്പനാട്ടു കായല്‍, പുഴകള്‍, തോടുകള്‍, പാടശേഖരങ്ങള്‍ എന്നിവിടങ്ങളില്‍ നിരോധിത മാര്‍ഗങ്ങളുപയോഗിച്ചുള്ള മീന്‍പിടിത്തം വ്യാപകമായതോടെയാണ് പരിശോധന കര്‍ശനമാക്കിയത്. വേമ്പനാട്ട് കായലില്‍ കാട്ടിക്കുന്ന്, വൈക്കം, വെച്ചൂര്‍, ടിവി പുരം, തണ്ണീര്‍മുക്കം ഭാഗങ്ങളില്‍ വകുപ്പ് ഒരുമാസത്തിനിടെ നടത്തിയ രാത്രികാല പെട്രോളിംഗില്‍ അരളിവല ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ വള്ളങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചു.
തണ്ണീര്‍മുക്കം മേഖലയില്‍ ആറുപേരെ പിടികൂടി. വൈക്കം മേഖലയില്‍ അരളിവല ഉപയോഗിച്ചവരുടെ വലയും വള്ളവും പിടിച്ചെടുത്തു. തിരുവാര്‍പ്പ് നടുവിലെപ്പാടം പാടശേഖരത്തില്‍ മോട്ടോര്‍തറയില്‍ നിയമവിരുദ്ധമായി സ്ഥാപിച്ച മടവല പിടിച്ചെടുത്തു. ഇവിടങ്ങളില്‍നിന്ന് പിടിച്ചെടുത്ത മീന്‍ ലേലം ചെയ്ത് സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടി. അരളിവല ഉപയോഗിച്ചുള്ള മീന്‍പിടിത്തം കായലിലെ കരിമീന്‍ കുഞ്ഞുങ്ങളടക്കം നശിക്കാന്‍ കാരണമാകുമെന്ന് ഫിഷറീസ് വകുപ്പ് അധികൃതര്‍ പറഞ്ഞു.
കേരള ഇന്‍ലാന്‍ഡ് ഫിഷറീസ് ആന്‍ഡ് അക്വാ കള്‍ച്ചര്‍ ആക്ട്(കിഫാ) പ്രകാരം പാടശേഖരങ്ങളില്‍ ഊത്തപിടിത്തവും അനധികൃത മത്സ്യബന്ധനവും കര്‍ശനമായി വിലക്കിയിട്ടുണ്ട്. നിയമവിരുദ്ധമായ ഊത്തപിടിത്തവും വൈദ്യുതി, വിഷം, കൂട്, അരളിവല, അരിപ്പവല എന്നിവ ഉപയോച്ചുള്ള മീന്‍പിടിത്തവും തടയുന്നതിന് ജില്ലയിലുടനീളം ഊര്‍ജിത പരിശോധനകള്‍ നടത്തുമെന്നും കിഫാ നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികളെടുക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ. മുജീബ് അറിയിച്ചു.
അനധികൃത മീന്‍പിടിത്തത്തിനെതിരേ മീന്‍പിടിത്തം പ്രധാന ഉപജീവനമാര്‍ഗമായ മത്സ്യത്തൊഴിലാളികള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും ഇത്തരം നടപടികള്‍- ശ്രദ്ധയില്‍പ്പെട്ടാല്‍ 0481-2566823 എന്ന ഫോണ്‍ നമ്പരില്‍ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സ്ഥലങ്ങളില്‍ നടത്തിയ രാത്രികാല പരിശോധനയില്‍ അസി. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അഞ്ജലി ദേവി, ഫിഷറീസ് ഡെവലപ്മെന്റ് ഓഫീസര്‍ രാജ്മോഹന്‍, ഫിഷറീസ് ഓഫീസര്‍മാരായ ഐശ്വര്യ സലി, സി.കെ. സ്മിത, പി.എ. ജിഷ്ണു എന്നിവര്‍ പങ്കെടുത്തു.