വെട്ടിക്കാട്ടുമുക്ക് - തലപ്പാറ റോഡിൽ അപകടം പതിവായി
1595432
Sunday, September 28, 2025 7:23 AM IST
തലയോലപ്പറമ്പ്: തലപ്പാറ - കാഞ്ഞിരമറ്റം -എറണാകുളം റോഡിലെ വെട്ടിക്കാട്ടുമുക്കു മുതൽ തലപ്പാറ വരെയുള്ള റോഡിലെ വീതിക്കുറവും വളവുകളും റോഡിലെ ചെരിവുകളും മൂലം അപകടം പതിവാകുന്നു.
വെള്ളിയാഴ്ച രാത്രി തലപ്പാറ കൊങ്ങിണിമുക്കിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചതാണ് ഒടുവിലത്തെ സംഭവം.
വീതികുറഞ്ഞ റോഡിൽ വാഹനബാഹുല്യം മൂലം ഗതാഗതക്കുരുക്കും പതിവാണ്. വാഹനങ്ങൾ നിയന്ത്രണം തെറ്റി റോഡിലെ വൈദ്യുത പോസ്റ്റുകൾ ഇടിച്ചു തകർക്കുന്നതും തുടർക്കഥയാണ്.
ഈ ഭാഗത്ത് വാഹനാപകടത്തിൽ നിരവധി ജീവനുകൾ പൊലിയുകയും നിരവധിപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
റോഡിലെ ചെരിവുകളും വളവുകളും നിവർത്തി റോഡ് വീതികൂട്ടി പുനർനിർമിക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണമുണ്ട്.