ഇലവീഴാപൂഞ്ചിറയിലെ കല്ലുമലയിൽ അഡ്വഞ്ചർ ടൂറിസം പദ്ധതി വരുന്നു
1595752
Monday, September 29, 2025 10:44 PM IST
മേലുകാവ്: സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഇനി ഇലവീഴാപൂഞ്ചിറ കയറാൻ കൂടുതൽ കാരണങ്ങൾ. ഇലവീഴാപൂഞ്ചിറയിലെ കല്ലുമലയിൽ അഡ്വഞ്ചർ ടൂറിസം പദ്ധതി വരുന്നു. ഇലവീഴാപൂഞ്ചിറയുടെ ടൂറിസം സർക്യൂട്ട് സെന്ററായ കനാൻനാട് ജംഗ്ഷനിലെ കല്ലുമലയിലാണ് അഡ്വഞ്ചർ ടൂറിസം പദ്ധതി വരുന്നത്.
ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് ജോസ് കെ. മാണി എംപി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ടൂറിസംമന്ത്രിയുടെ നിർദേശപ്രകാരം വിദഗ്ധസംഘം കല്ലുമലയിൽ സാഹസിക വിനോദ പദ്ധതികൾ നടപ്പാക്കാൻ ആവശ്യമായ രൂപരേഖ തയാറാക്കി.
ഇലവീഴാപൂഞ്ചിറ
ഗ്ലാമറാകും
ഇലവീഴാപൂഞ്ചിറയുടെ പ്രകൃതിഭംഗിയും സാഹസികതയും വിനോദസഞ്ചാരികൾക്ക് ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന രീതിയിലുള്ള അഡ്വഞ്ചർ ടൂറിസം പദ്ധതികളാണ് കല്ലുമലയിൽ നടപ്പാക്കാൻ പോകുന്നത്. കേരളത്തിലെ വലിയ ടൂറിസ്റ്റ് കേന്ദ്രമാക്കി ഇലവീഴാപൂഞ്ചിറയെ വികസിപ്പിക്കാനുള്ള എല്ലാ നടപടികളും സർക്കാർതലത്തിൽ ആവിഷ്കരിച്ചുവരികയാണ്. ഇലവീഴാപൂഞ്ചിറയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് അടിസ്ഥാനസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി കനാൻനാട് ജംഗ്ഷനിലെ മേലുകാവ് പഞ്ചായത്തുവക സ്ഥലത്ത് അമിനിറ്റി സെന്റർ നിർമിക്കാൻ എംപി ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ ജോസ് കെ. മാണി എംപി അനുവദിച്ചു.
പാലവും ചെക്ക്ഡാമും
മുനിയറ ഗുഹ റോഡ് ഗതാഗതയോഗ്യമാക്കാൻ കനാൻനാട് ജംഗ്ഷനിലെ കനാൻതോടിന് കുറുകെ പാലവും ചെക്ക് ഡാമും നിർമിക്കും. കോട്ടയം-ഇടുക്കി ജില്ലകളുമായി ഇലവീഴാപൂഞ്ചിറയെ ഏറ്റവും കുറഞ്ഞ ദൂരത്തിൽ പൊതുഗതാഗതത്തിൽ ബന്ധിപ്പിക്കാൻ കോട്ടയം, കട്ടപ്പന എന്നീ കെഎസ്ആർടിസി ഡിപ്പോകളിൽനിന്നു കോട്ടയം - പാലാ - ഈരാറ്റുപേട്ട - മേലുകാവുമറ്റം - കാഞ്ഞിരംകവല - മേലുകാവ് - പെരിങ്ങാലി - കനാൻനാട് - ഇലവീഴാപൂഞ്ചിറ - ചക്കിക്കാവ് - കൂവപ്പള്ളി - മൂലമറ്റം - ഇടുക്കി - കട്ടപ്പന വഴി പുതിയ ബസ് സർവീസ് തുടങ്ങുമെന്നും ജോസ് കെ. മാണി അറിയിച്ചു.
വിദഗ്ധ സംഘത്തോടൊപ്പം ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി ആതിര സണ്ണി, ജില്ലാ ടൂറിസം പ്രോജക്ട് എൻജിനിയർ കെ.എസ്. സിമിമോൾ, അഡ്വഞ്ചർ ടൂറിസം സൊസൈറ്റി സി. ഒ. ബിനു കുര്യക്കോസ്, ബ്ലോക്ക് മെംബർ ജെറ്റോ ജോസ്, പഞ്ചായത്ത് മെംബർമാരായ ഷീബാമോൾ ജോസഫ്, അനുരാഗ് പാണ്ടിക്കാട്ട്, അനൂപ് കെ. കുമാർ, സിപിഎം മേലുകാവ് ലോക്കൽ സെക്രട്ടറി അനൂപ് കെ. കുമാർ, കേരള കോൺഗ്രസ്-എം മേലുകാവ് മണ്ഡലം പ്രസിഡന്റ് റ്റിറ്റോ തെക്കേൽ, ഇലവീഴാപൂഞ്ചിറ ടൂറിസം വികസന സമിതി സെക്രട്ടറി പി.എസ്. അനിൽ പൊട്ടംമുണ്ടയ്ക്കൽ എന്നിവർ സംഘത്തോടൊപ്പമുണ്ടായിരുന്നു.