മുക്കൂട്ടുതറയിലെ വെള്ളക്കെട്ട്: നവീകരണ ജോലികൾ തുടങ്ങി
1595495
Monday, September 29, 2025 12:05 AM IST
മുക്കൂട്ടുതറ: ടൗണിൽ ഇടകടത്തി റോഡിന്റെ തുടക്കത്തിൽ എസ്എൻഡിപി കോംപ്ലക്സിന് മുന്നിൽ റോഡിലുള്ള സ്ഥിരം വെള്ളക്കെട്ട് മാറ്റാൻ നവീകരണ ജോലികൾ തുടങ്ങി. ടൗണിലെ വെള്ളക്കെട്ട് പ്രശ്നവും ഇതോടൊപ്പം പരിഹരിക്കണമെന്ന് ആവശ്യം.
മരാമത്തുവകുപ്പ് 22 ലക്ഷം ചെലവിട്ടാണ് ഇടകടത്തി റോഡിന്റെ തുടക്കത്തിലുള്ള വെള്ളക്കെട്ട് മാറ്റാൻ ഓട നിർമാണം, ഇന്റർ ലോക്ക് കട്ടകൾ പാകൽ ഉൾപ്പെടെ നവീകരണം നടത്തുന്നത്. നിർമാണോദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. നാട്ടുകാർ എംഎൽഎയ്ക്ക് നൽകിയ നിവേദനത്തെത്തുടർന്നാണ് മരാമത്തുവകുപ്പ് പണികൾ നടത്തുന്നത്.
മഴക്കാലത്ത് ഇതുവഴി യാത്ര പ്രയാസകരമായിരുന്നു. റോഡിൽ നിറയുന്ന മഴവെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നതുമൂലം സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളമെത്തിയിരുന്നു. റോഡ് തകരുകയും കുഴികളും ആയതോടെ വെള്ളം നിറഞ്ഞ കുഴികൾ അപകടം സൃഷ്ടിച്ചു തുടങ്ങിയിരുന്നു. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ട സംഭവങ്ങളുമുണ്ടായി. കണമലയിലേക്കുള്ള സമാന്തര പാതയായ ഈ റോഡിലൂടെ ശബരിമല സീസണിലും മലയാള മാസാദ്യ പൂജ ദിവസങ്ങളിലും നിരവധി അയ്യപ്പഭക്തർ സഞ്ചരിക്കുന്നുണ്ട്. റോഡിലെ വെള്ളക്കെട്ട് അയ്യപ്പഭക്തരുടെ വാഹനങ്ങൾക്കും അപകട ഭീഷണിയായിരുന്നു.
പല തവണ ഓട തെളിച്ചെങ്കിലും മഴക്കാലത്ത് വെള്ളക്കെട്ട് പതിവായി മാറിയതോടെയാണ് കൃത്യമായ പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ എംഎൽഎയ്ക്ക് നിവേദനം നൽകിയത്. തുടർന്ന് എംഎൽഎ സ്ഥലം സന്ദർശിച്ച് ആധുനിക നിലവാരത്തിൽ പണികൾ നടത്തി വെള്ളക്കെട്ട് ഉണ്ടാകാത്ത നിലയിൽ നവീകരണം റോഡിൽ നടത്തണമെന്ന് മരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതോടെയാണ് എസ്റ്റിമേറ്റ് തയാറാക്കി ഫണ്ട് അനുവദിച്ച് ഇപ്പോൾ പണികൾ നടത്തുന്നതിലേക്ക് എത്തിയത്.
നിർമാണോദ്ഘാടനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, വാർഡ് അംഗം മറിയാമ്മ മാത്തുക്കുട്ടി, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് അജി എം. കൃഷ്ണ, പൊതു പ്രവർത്തകരായ എബി കാവുങ്കൽ, കെ.ജെ. ദേവസ്യ, സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
അപകടത്തിലാക്കി
പാലവും വെള്ളക്കെട്ടും
മുക്കൂട്ടുതറ ടൗണിൽ പാലം ഭാഗത്ത് മഴക്കാലത്ത് അപകടകരമായ നിലയിൽ വെള്ളം എത്തുന്നതുമൂലം അപകട സാധ്യത. വീതി കുറഞ്ഞ ഇടുങ്ങിയ പാലം കാലപ്പഴക്കം മൂലം ദുർബലമായി അപകടത്തിലുമാണ്. പാലത്തിന് കൈവരികൾ ഇല്ലാത്തതും അപകടസാധ്യത വർധിപ്പിക്കുന്നു. പാലം നിറഞ്ഞ നിലയിലെത്തുന്ന വെള്ളക്കെട്ട് റോഡിലേക്ക് വ്യാപിക്കും.
സമീപത്തെ ട്രാൻസ്ഫോർമർ ഭാഗത്ത് റോഡിന്റെ വശം ഇടിഞ്ഞു വലിയ ഗർത്തമുണ്ടായതിനെത്തുടർന്ന് ആളുകൾ ഇവിടെ അപകടത്തിൽപ്പെടാതിരിക്കാൻ പൈപ്പ് ഗ്രില്ല് വച്ചിരിക്കുകയുമാണ്. കഴിഞ്ഞയിടെ ഒരാളുടെ കാൽ ഇതിൽ കുടുങ്ങുകയും പോലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തുകയുമായിരുന്നു. പാലം പൊളിച്ചു നിർമാണം നടത്തുകയും വെള്ളക്കെട്ട് മാറ്റാനുള്ള ഓടകൾ നിർമിക്കുകയും വേണമെന്ന ആവശ്യം ശക്തമാണ്.