കടുത്തുരുത്തി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം; 3.60 കോടി രൂപയുടെ വികസന പദ്ധതി നടപ്പാക്കാന്‍ തീരുമാനം
1595411
Sunday, September 28, 2025 7:13 AM IST
കടുത്തുരുത്തി: മെച്ചപ്പെട്ട സൗകര്യങ്ങളോടെ കടുത്തുരുത്തി പോലീസ് സ്റ്റേഷനു പുതിയ കെട്ടിടം നിര്‍മിക്കാന്‍ 3.60 കോടി രൂപയുടെ വികസനപദ്ധതിക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചതായി മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിച്ചിരിക്കുന്നത്.
കേരള പോലീസ് ഡയറക്ടര്‍ ജനറല്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദ്, കടുത്തുരുത്തി എസ്എച്ച്ഒ ടി.എസ്. റെനീഷ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുക.
മൂന്ന് നിലകളിലായി കൂടുതല്‍ സൗകര്യപ്രദമായ രീതിയിലാണ് പുതിയ പോലീസ് സ്റ്റേഷന് നിര്‍മിക്കാന്‍ എസ്റ്റിമേറ്റും പ്ലാനും തയാറാക്കിയിട്ടുള്ളത്. തളിയില്‍ ക്ഷേത്രത്തിനു സമീപത്തായി നിലവിലുള്ള പോലീസ് ക്വാര്‍ട്ടേഴ്സ് വളപ്പിലാണ് പുതിയ പോലീസ് സ്റ്റേഷന് നിര്‍മിക്കുന്നതിന് സ്ഥലം കണ്ടെത്തിയിട്ടുള്ളത്. ഇവിടെ കാടും പള്ളയും വെട്ടിത്തെളിക്കാനും ജീര്‍ണാവസ്ഥയിലായ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനും തീരുമാനിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ഓഫീസിനുവേണ്ടി പോലീസ് ക്വാര്‍ട്ടേഴ്സ് വളപ്പില്‍ നിര്‍മിച്ച കെട്ടിടം നിലനിര്‍ത്തും. പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ ഡിജിപി ഓഫീസില്‍നിന്ന് കടുത്തുരുത്തി എസ്എച്ച്ഒയ്ക്കു നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്, ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, ഡിജിപി എന്നിവര്‍ക്ക് മോന്‍സ് ജോസഫ് എംഎല്‍എ പോലീസ് സ്റ്റേഷന് കെട്ടിടവും ക്വാര്‍ട്ടേഴ്സ് കോംപ്ലക്സും നിര്‍മിക്കുന്നതിനായി നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്.