ക്രൈസ്തവരുടെ യോജിപ്പ് കാലഘട്ടത്തിന്റെ അനിവാര്യത: മാര്‍ തോമസ് തറയില്‍
1595730
Monday, September 29, 2025 7:10 AM IST
തിരുവല്ല: ക്രൈസ്തവര്‍ ഒരുമിച്ചുനില്ക്കേണ്ടതിന്റെ ആവശ്യകത കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയിരിക്കുകയാണെന്ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍.
മലങ്കര പുനരൈക്യപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയും ചങ്ങനാശേരി, തിരുവല്ല അതിരൂപതകളിലെ അല്മായ മിഷണറിയുമായിരുന്ന കോഴിമണ്ണില്‍ ചാക്കോ ഉപദേശിയുടെ കത്തോലിക്കാ സഭാ പ്രവേശനത്തിന്റെ ശതാബ്ദി, കെ.സി. ഫ്രാന്‍സിസ് - മറിയാമ്മ ഫ്രാന്‍സിസ് ദമ്പതികളുടെ ജന്മശതാബ്ദി എന്നിവയുടെ സംയുക്ത ആചരണത്തോടനുബന്ധിച്ച് ഇരവിപേരൂര്‍ സെന്റ് ആന്‍സ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്.
വിഷമസന്ധികളില്‍ സഭയെ പിടിച്ചുനിര്‍ത്തിയത് അല്മായരാണെന്നും ആര്‍ച്ച്ബിഷപ് ചൂണ്ടിക്കാട്ടി. തീക്ഷ്ണതകൊണ്ടു നിറഞ്ഞ സത്യാന്വേഷിയായിരുന്നു കോഴിമണ്ണില്‍ ചാക്കോ ഉപദേശി. സഭയുമായുള്ള ബന്ധം നഷ്ടപ്പെടുമ്പോള്‍ സമൂഹം ദുര്‍ബലമാകുമെന്നും കേരള സമൂഹത്തില്‍ ഉന്നത നിലയിലെത്തേണ്ട ആധുനിക യുവതലമുറ മത്സരപ്പരീക്ഷകളില്നിന്ന് ഒഴിഞ്ഞുമാറി നാടു വിട്ടുപോകുകയാണെന്നും ആര്‍ച്ച്ബിഷപ് അഭിപ്രായപ്പെട്ടു.
മലങ്കര കത്തോലിക്കാ സഭാ കൂരിയാ ബിഷപ് ഡോ. ആന്റണി മാര്‍ സില്‍വാനോസ് അധ്യക്ഷത വഹിച്ചു. ഫാ. ഡോ. ഇഗ്നേഷ്യസ് തങ്ങളത്തില്‍, ചെറിയാന് രാമനാലില് കോര്‍ എപ്പിസ്കോപ്പ, ഫാ. ഏബ്രഹാം നടുവിലേടം, ഫാ. ഇട്ടി പുളിക്കല്‍, ഫാ. ഏബ്രഹാം കുളങ്ങര, ഫാ. തോമസ് കോഴിമണ്ണില്‍ എന്നിവര്‍ പ്രസംഗിച്ചു. സമൂഹബലിക്കു ബിഷപ് ഡോ. ആന്റണി മാര്‍ സില്‍വാനോസ് മുഖ്യകാര്‍മികത്വം വഹിച്ചു.