ഗാന്ധിജയന്തി ദിനത്തിൽ പാലായിൽ ‘ചിരിയോരം’
1595763
Monday, September 29, 2025 11:39 PM IST
പാലാ: ഗാന്ധിജയന്തി ദിനത്തില്‍ പാലാ ആര്‍വി പാര്‍ക്ക് കേന്ദ്രീകരിച്ച് രാവിലെ ആറുമുതല്‍ ഒന്‍പത് വരെ വിവിധ സംഘടനകള്‍ സംയുക്തമായി ചിരിയോരം പരിപാടി സംഘടിപ്പിക്കും. ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്, പാലാ മുനിസിപ്പാലിറ്റി, പാലാ മുനിസിപ്പല്‍ റിട്ടയേർഡ് സ്റ്റാഫ് അസോസിയേഷന് ആര്‍മി, പാലാ, ഈരാറ്റുപേട്ട, ഏറ്റുമാനൂര്‍ റോട്ടറി ക്ലബ് അംഗങ്ങള്‍, പൂഞ്ഞാർ സെന്റ് ആന്റണീസ് എച്ച്എസ്എസ് എന്‍എസ്എസ് യൂണിറ്റ്, ടെന്‍സിംഗ് നേച്ചര്‍ ആൻഡ് അഡ്വഞ്ചര്‍ ക്ലബ് എന്നിവയുടെ പങ്കാളിത്തത്തിലാണ് ദിനാചരണം നടത്തുന്നത്.
മുനിസിപ്പല്‍ ചെയര്മാന് തോമസ് പീറ്റര്‍ ഉദ്ഘാടനം നിര്‍വഹിക്കും. നിഷ ജോസ് കെ. മാണി കാന്‍സര്‍ അവയര്‍നസ് ക്ലാസ് നയിക്കും. വെള്ളത്തില്‍ വീണവരെ എങ്ങനെ രക്ഷിക്കാം എന്നതിനെക്കുറിച്ച് ബിനു പെരുമനയും സംഘവും പരിശീലനം നല്‍കും.
പരിപാടിയോടനുബന്ധിച്ച് മീനച്ചില്‍ നദീസംരക്ഷണ സമിതി സംസ്ഥാന ദുരന്തനിവാരണ വകുപ്പുമായി സഹകരിച്ച ജലനിരപ്പ് മുന്നറിയിപ്പ് സ്കെയില്‍ സ്ഥാപിക്കല്‍, പരിസരങ്ങളും കുളിക്കടവും വൃത്തിയാക്കല്‍ എന്നിവയും നടത്തും. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂൾ എൻഎസ്എസ് യൂണിറ്റ് ലഹരിവിരുദ്ധ സന്ദേശ ഫ്ളാഷ് മോബും കൊച്ചിന് പാഡില്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കയാക്കിംഗ് പ്രദര്‍ശനവും നടക്കും.
പത്രസമ്മേളനത്തില്‍ ഐഡിഎ പാലാ ബ്രാഞ്ച് പ്രസിഡന്റ് രാജു സണ്ണി, രാഹുല്‍ സജീവ്, റോട്ടറി ക്ലബ് പ്രസിഡന്റ് ജോഷി വെട്ടുകാട്ടില്‍, ടെന്‍സിംഗ് നേച്ചര്‍ ആൻഡ് അഡ്വഞ്ചര്‍ ക്ലബ് ഭാരവാഹികളായ ബിനു പെരുമന, മനോജ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.